വിവാഹ ചടങ്ങിനിടയില്‍ സ്വര്‍ണാഭരണം കവരുന്ന സ്ത്രീ പിടിയില്‍

0
4734

വടകര: ഓഡിറ്റോറിയത്തിലെ വിവാഹചടങ്ങുകള്‍ക്കിടയില്‍ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രീ പിടിയില്‍. തലശേരി ഷാജഹാന്‍ മന്‍സില്‍ റസ്‌ലയാണ് (43) സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നിന്ന് അഞ്ചര പവന്‍ തട്ടിയെടുത്തത് റസ്‌ലയാണെന്ന് തെളിഞ്ഞു. ഇവര്‍ കവര്‍ന്ന സ്വര്‍ണാഭരണം തലശേരിയിലെ ജ്വല്ലറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
നന്നായി വസ്ത്രധാരണം ചെയ്ത് വിവാഹചടങ്ങിനെത്തുന്ന റസ്‌ല കുട്ടികളെ ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നത്. സംശയം തോന്നാത്ത വിധത്തില്‍ പെരുമാറുകയും തിരക്കിനിടയില്‍ കുട്ടികളുടെ മാലയോ വളയോ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. ഇത്തരം മോഷണങ്ങള്‍ പല ഓഡിറ്റോറിയത്തിലും നടന്നതിനെ തുടര്‍ന്ന് വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് റസ്‌ല വലയിലാവുന്നത്. സംശയം തോന്നാതിരിക്കാന്‍ ഇവരുടെ ബന്ധുക്കളേയും കൂട്ടാറുണ്ട്. ഇതുപോലൊരു മോഷണം കോഴിക്കോട് നടന്നിരുന്നു. നടക്കാവ് പോലീസെടുത്ത കേസില്‍ ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണം തുടങ്ങിയപ്പോഴാണ് വലയിലായത്. എസ് ഐ ഷറഫുദീൻ, എ എസ്ഐമാരായ സി.എച്ച്.ഗംഗാധരൻ, കെ.പി.രാജീവൻ, ബിന്ദുനാഥ്, എസ് സിപിഒമാരായ യൂസഫ്, ഷാജി,വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്‌നേഹ, എം.പി.രമ്യഎന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.

light-8-Parco-1