ജ്വല്ലറി കവര്‍ച്ച: അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു

0
256

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: കല്ലാച്ചി വളയം റോഡിലെ റിന്‍സി ജ്വല്ലറിയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ജില്ലക്ക് പുറത്തേക്കു വ്യാപിപ്പിച്ചു. നാദാപുരം എസ്‌ഐ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ പതിമൂന്നംഗ സംഘമാണ് അന്വേഷണത്തിനിറങ്ങിയത്.
വടകര റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ വൈദഗ്ധ്യമുള്ള പതിമൂന്ന് പേരെ ചേര്‍ത്താണ് സംഘം രൂപീകരിച്ചത്. ഇവര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സംശയമുള്ളവരെയും ജ്വല്ലറിക്ക് സമീപം വാടകക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും പരിസര വാസികളെയും അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. അര്‍ധരാത്രിയില്‍ പന്ത്രണ്ടരക്കും മൂന്നിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജ്വല്ലറിയും പരിസരവും കൃത്യമായി നിരീക്ഷണത്തിന് വിധേയമാക്കിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ഈ പരിസരത്തെ ഹോട്ടലുകളില്‍ പുലര്‍ച്ചെ മൂന്നരയോടെ തൊഴിലാളികള്‍ ജോലിക്കെത്താറുണ്ട്. ഇതിന് മുമ്പ് തന്നെ കവര്‍ച്ച മുതലുമായി സംഘം രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസ് പറയുന്നത്. ടൗണില്‍ കടയുടെ ചുമര്‍ തകര്‍ക്കുന്ന ശബ്ദം കേട്ടത് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ്. ചുമര്‍ തുരന്ന് അകത്ത് കടന്ന സംഘം ലോക്കര്‍ തകര്‍ക്കാനും മറ്റുമായി രണ്ട് മണിക്കൂറിലേറെ സമയം ചെലവഴിച്ചിട്ടുണ്ടാവും എന്നാണ് പോലീസ് നിഗമനം. ഇതിന് ശേഷം ഏഴ് മണിക്കൂര്‍ കഴിഞ്ഞാണ് കവര്‍ച്ച നടന്ന വിവരം പുറംലോകം അറിയുന്നത്. അപ്പോഴേക്കും മോഷ്ടാക്കള്‍ക്കു ജില്ലക്ക് പുറത്തേക്ക് കടക്കാന്‍ സാധിച്ചിട്ടുണ്ടാവും. കവര്‍ച്ച വിവരമറിഞ്ഞ ഉടന്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നിര്‍ദ്ദേശ പ്രകാരം വടകര, തലശേരി, മാഹി റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസ് പരിശോധന നടത്തി. സ്റ്റേഷനുകളില്‍ പുലര്‍ച്ചെയും മറ്റുമായി എത്തിയവരുടെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കവര്‍ച്ച നടന്നതിനും മുമ്പും ഉള്ള സമയത്തെ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ച് വരികയാണ്. പ്രധാന ടൗണുകളിലൂടെ കടന്ന് പോയ വാഹനങ്ങളും നിരീക്ഷണത്തിലാണ്. ടൗണുകളിലെ light-8-Parco-1സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. അടുത്ത കാലത്തെ സമാന കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമികള്‍ ആയുധം പൊതിഞ്ഞ് കൊണ്ടു വന്ന പേപ്പര്‍ പോലീസ് തെളിവായെടുത്തിട്ടുണ്ട്. വടകര മേഖലയില്‍ വിതരണം ചെയ്ത പേപ്പര്‍ ആണ് കെട്ടിടത്തിന് സമീപത്ത് നിന്ന് ലഭിച്ചത്. മോഷ്ടാക്കള്‍ മോഷണ സമയത്ത് ധരിച്ചതെന്ന് കരുതുന്ന
കൈ ഉറകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തമിഴ് നാടോടി സംഘങ്ങളെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ചുമര്‍ തുരന്ന് കവര്‍ച്ച നടത്തുന്നത് ഇത്തരം സംഘങ്ങളാകാമെന്നതാണ് അന്വേഷണം ഈ ദിശയിലേക്കും വ്യാപിപ്പിച്ചത്. കവര്‍ച്ചക്ക് പ്രാദേശികമായ സഹായം ലഭിച്ചോ എന്നതും പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ കേസില്‍ വഴിത്തിരിവ് ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.