സര്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പ്രചരണമെന്നു പരാതി

0
567

വടകര: ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേക്കിറങ്ങിയ ഉദ്യോഗസ്ഥരുടെ ചിത്രം തെറ്റായ സന്ദശത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. ഇവര്‍ തട്ടിപ്പുകാരാണെന്നാണ് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. കോട്ടപ്പള്ളി ടൗണില്‍ കഴിഞ്ഞ ദിവസം സര്‍വേ നടത്തുമ്പോള്‍ ഒരു വീട്ടിലെ സിസിടിവില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദത്തോടെ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നതായാണ് ഡപ്യൂട്ടി ഡയരക്ടര്‍ വടകര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍വേ ജോലി ചെയ്യാനോ പൊതുജനമധ്യത്തില്‍ ഇറങ്ങാനോ കഴിയാത്ത സ്ഥിതിയായി. സന്ദേശം വിശ്വസിച്ച് ജനങ്ങള്‍ ചോദ്യം ചെയ്യുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്യുന്ന അവസ്ഥ പോലുമുണ്ട്.
വീട്ടില്‍ സ്ഥിരമായുളള അംഗങ്ങള്‍, പ്രതിമാസ ചെലവ്, ഭിന്നശേഷിക്കാര്‍, വീടുകളുടെ light-8-Parco-1അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാജ പ്രചാരണം നടക്കുന്നത്.
നാട്ടിലേയും വിദേശത്തേയും സാമൂഹിക മാധ്യമഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത സജീവമായ സാഹചര്യത്തില്‍ ജീവനക്കാര്‍ ഭീതിയിലാണ്. ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമായി ജോലി ചെയ്യുന്നതിന് സാഹചര്യം ഒരുക്കണമെന്നും ജീവനക്കാര്‍ പോലീസിനോട് അഭ്യര്‍ഥിച്ചു.
വീടുകളിലെത്തുന്ന ഫീല്‍ഡ് ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് സര്‍വേയുമായി സഹകരിക്കണമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.