മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ പോലീസ് പീഡിപ്പിച്ചതായി പരാതി

0
814

വടകര: മാല മോഷ്ടിച്ചെന്ന് ആരോപിച്ച് നിരപരാധികളായ സ്ത്രീകളെ എടച്ചേരി പോലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മാഹി പള്ളി സന്ദര്‍ശിക്കാന്‍ എത്തിയ പാലക്കാട് രാമനാഥപുരം പുത്തൂര്‍ ഐശ്വര്യയില്‍ റീന ജോസഫിനും സുഹൃത്ത് കണ്ണൂര്‍ കൂട്ടുപുഴയിലെ പെരട്ട ഇല്ലിക്കല്‍ ഷൈനിക്കുമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ദുരനുഭവമുണ്ടായത്. ഓര്‍ക്കാട്ടേരിയില്‍ നിന്നു മാല മോഷ്ടിച്ചത് തങ്ങളാണന്ന് പറഞ്ഞ് കുറ്റവാളികളെ പോലെ പോലീസ് ദ്രോഹിക്കുകയായിരുന്നുവെന്ന് റീന ജോസഫ് വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ധരിച്ച വസ്ത്രത്തിന്റെ നിറത്തിലെ സാമ്യമാണ് ഇവരെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയില്‍ എടുക്കാനും പോലീസിനെ പ്രേരിപ്പിച്ചത്. നാലാം തിയ്യതി ചൊവാഴ്ചയാണ് സംഭവം. പള്ളി സന്ദര്‍ശിച്ചതിനു ശേഷം രാവിലെ 11 നു മാഹി പാലത്തിനു സമീപത്തെ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ രണ്ടു പോലീസുകാര്‍ വന്ന് പേരും വിവരങ്ങളും അന്വേഷിക്കുകയും ഐഡി കാര്‍ഡുകളുടെ കോപ്പി വാങ്ങിക്കുകയും ചെയ്തു. കാര്യം തിരക്കിയപ്പോള്‍ ഓര്‍ക്കാട്ടേരിയില്‍ നിന്നു രണ്ടു സ്ത്രീകള്‍ മാല പൊട്ടിച്ചുകടന്നുകളഞ്ഞ കാര്യം പോലീസ് പറയുകയുണ്ടായി. ഇരുവരുടേയും മൊബൈല്‍ നമ്പര്‍ വാങ്ങി ബാഗുകള്‍ അടക്കം പരിശോധിച്ച് ഫോട്ടോ എടുത്ത് ഇവര്‍ പോകുകയായിരുന്നെന്ന് റീന ജോസഫ് പറഞ്ഞു. പോലീസ് പോയതിനു ശേഷം ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ എടച്ചേരി സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് റീനയെ ഫോണില്‍ വിളിച്ച് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലേക്കുള്ള വഴി അറിയാത്ത തങ്ങള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ പോലീസ് ജീപ്പുമായെത്തിയ വനിതാ പോലീസ് അടക്കമുള്ളവര്‍ ആളുകളുടെ മുന്നില്‍ വെച്ച് കുറ്റവാളികളോടെന്ന രീതിയില്‍ പെരുമാറുകയും ജീപ്പില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു. ബസില്‍ സ്‌റ്റേഷനില്‍ എത്തിക്കോളാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ല. ഉച്ചക്ക് രണ്ടു മുതല്‍ വൈകീട്ട് ആറു വരെ കുടിവെള്ളം പോലും നല്‍കാതെ സ്റ്റേഷനിലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് റീന ആരോപിച്ചു. കൂടാതെ light-8-Parco-1തങ്ങളുടെ വീടുകളിലും മാല മോഷ്ടിച്ചെന്ന വിവരം എത്തിച്ച ശേഷം വൈകീട്ട് ആറരയോടെ സ്റ്റേഷനില്‍ നിന്നും പറഞ്ഞു വിടുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. രണ്ടു പോലീസുകാര്‍ അസഭ്യമായ ഭാഷയിലും കുറ്റവാളികള്‍ എന്ന നിലയിലും ചീത്തവിളിക്കുകയും കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ഒരു തെറ്റും ചെയ്യാത്ത തങ്ങളെ പൊതുജനങ്ങളുടേയും മറ്റും മുമ്പാകെ അസഭ്യം പറയുകയും യാതൊരു മാന്യതയും പുലര്‍ത്താതെ പെരുമാറുകയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് തങ്ങളുടെ അന്തസിനും അഭിമാനത്തിനും ക്ഷതം ഏല്‍പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതായും അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ഡിജിപി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.