പണമില്ല; മിഥുന്റെ ലോകചാമ്പ്യന്‍ഷിപ്പ് തുലാസില്‍

0
872

വടകര: മലേഷ്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് ഒളിമ്പിക് ഗെയിംസിന്റെ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഡിഗ്രി വിദ്യാര്‍ഥിക്ക് സാമ്പത്തിക പ്രയാസം വിലങ്ങ്തടിയാവുന്നു. അര ലക്ഷത്തിലേറെ രൂപയില്ലാത്തതിനാല്‍ അവസരം നഷ്ടപ്പെട്ടേക്കുമോ എന്ന വിഷമത്തിലാണ് വടകര കോ-ഓപ്പറേറ്റീവ് കോളജിലെ എം.മിഥുന്‍.
ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്താണ് മിഥുന് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടിയത്. ഇതിനുതന്നെ നല്ല ചെലവു വന്നു. അടുത്തത് മലേഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മീറ്റാണ്. അരലക്ഷത്തിലേറെ രൂപയില്ലെങ്കില്‍ light-8-Parco-1മിഥുന്‍ തഴയപ്പെടുമെന്നതാണ് അവസ്ഥ.
കൂലിപ്പണിക്കാരനായ അച്ഛന്‍ ഗിരീഷിന് ഇത്രയും തുക കണ്ടെത്തുക പ്രയാസമാണ്. അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബം ജില്ലാ ആശുപത്രിക്കു സമീപത്തെ പറമ്പത്ത് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. പാനൂര്‍ സ്വദേശിയായ ഗിരീഷ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോലി തേടി വടകരയിലെത്തിയതാണ്. പത്ത് വരെ ശ്രീനാരായണ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കായികാധ്യാപകന്‍ ലിതേഷാണ് മിഥുനു ബാസ്‌കറ്റ്‌ബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. ഇപ്പോള്‍ വടകര കുരിക്കിലാട്ടെ കോ-ഓപ്പറേറ്റീവ് കോളജില്‍ പഠിക്കുന്ന ഈ ഡിഗ്രി വിദ്യാര്‍ഥി തനിക്ക് കൈവന്ന നേട്ടത്തിനു സാമ്പത്തികം തടസമാകുമോ എന്ന വിഷമത്തിലാണ്. ഡിസംബര്‍ 15 നു മുമ്പ് 52,000 രൂപ അടച്ചില്ലെങ്കില്‍ അവസരം നഷ്ടമാവുമെന്നതാണ് അവസ്ഥ. മിഥുനെ എതെങ്കിലും സംഘടനകളോ വ്യക്തികളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.