തോടന്നൂരില്‍ മുരളി പോയതില്‍ ഇരുമുന്നണികള്‍ക്കും സന്തോഷം

0
510

വടകര: തോടന്നൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പദത്തില്‍ നിന്ന് തിരുവള്ളൂര്‍ മുരളി രാജിവെച്ചൊഴിഞ്ഞതില്‍ ഇരുമുന്നണികള്‍ക്കും സന്തോഷം. പാര്‍ട്ടിക്കു വഴങ്ങാത്ത മുരളിയെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നടത്തിയ ശ്രമം സിപിഎം ചരടുവലിയില്‍ വിജയിക്കാതെ പോയെങ്കില്‍ ഇപ്പോള്‍ അതേ സിപിഎം നേതൃത്വത്തില്‍ കൊടുത്ത അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുത്ത വേളയില്‍ മുരളി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുന്ന കാഴ്ചയാണ് തോടന്നൂരില്‍ കണ്ടത്. അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയും മുരളിയും പങ്കെടുത്ത ഇന്നലത്തെ യോഗത്തില്‍ നിന്ന് വിട്ടുനിന്നാണ് അഞ്ചു പേരടങ്ങിയ യുഡിഎഫ് തങ്ങളുടെ നിലപാട് അറിയിച്ചത്.
മുരളിക്ക് ഒരു ഷോക്ക് കൊടുക്കണമെന്ന് യുഡിഎഫ് ചിന്തിച്ചതുപോലെ എല്‍ഡിഎഫും അതേ അവസ്ഥയിലെത്തിയെന്നതാണ് മറ്റൊരു പ്രത്യേകത. ചരിത്രത്തിലാദ്യമായി യുഡിഎഫിനു ഭരണം കിട്ടിയ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളി പ്രസിഡന്റാവുകയും തരക്കേടില്ലാത്ത ഭരണം കാഴ്ചവെച്ച് മുന്നോട്ട് പോവുകയുമായിരുന്നു. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ചിട്ടയാര്‍ന്ന ഭരണം നടത്തുന്നതിനിടയിലാണ് പോലീസ് വിഷയത്തില്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് മുരളി രംഗത്തെത്തിയത്. പരസ്യപ്രസ്താവനയെ തുടര്‍ന്ന് മുരളിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുണ്ടായി. ചെന്നിത്തലയുടെ എതിര്‍പുകാരണം മുരളിയെ രണ്ടുവര്‍ഷമായിട്ടും പാര്‍ട്ടിയില്‍ തിരിച്ചെടുത്തിട്ടില്ല.
വിമത പ്രവര്‍ത്തനവുമായി മുന്നോട്ട് പോയ മുരളിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മുന്നണി തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് യുഡിഎഫ് മുരളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കേണ്ട ദിവസം രാവിലെ മുരളിയെ ഒരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇടതുമുന്നണി വില്‍ക്കുകയും ചെയ്തു. ഈ കാരണത്താല്‍ യോഗം നടന്നില്ല. ഇതിനു തുടര്‍ച്ചയായി സിപിഎമ്മുമായി മുരളി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതാണ് കണ്ടത്. മുരളി ഇടതുപാളയത്തിലേക്കെന്ന പ്രചാരണവും ശക്തിപ്പെട്ടു. ഇതിനൊന്നും വ്യക്തമായ മറുപടി പറയാതെ മുരളി ബ്ലോക്ക് ഭരണത്തില്‍ ശ്രദ്ധ ചെലുത്തി മുന്നോട്ടുപോവുകയായിരുന്നു.
ഇതിനിടയിലാണ് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) യുഡിഎഫ് ബന്ധം ഉപേക്ഷിച്ചത്. ഇത് സംസ്ഥാനത്തെ പല തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഭരണ മാറ്റത്തിന് കളമൊരുക്കിയതോടെ തോടന്നൂരിലും ഈ സ്ഥിതിക്ക് സാധ്യത ഏറി. എന്നാല്‍ മുരളിയോടുള്ള ഇഷ്ടം കാരണം സിപിഎം ഇതിനു പച്ചക്കൊടി കാട്ടിയില്ല. അതേസമയം സിപിഐ ആവട്ടെ എല്‍ജെഡിയുടെ നിലപാട് തോടന്നൂരില്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിനു കത്ത് നല്‍കി. മുരളി ഉറച്ച നിലപാടിലേക്കു വരുന്നില്ലെന്നു light-8-Parcoകണ്ടതോടെയാണ് മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇതോടൊപ്പം തന്നെയാണ് യുഡിഎഫിലായിരുന്ന ഏക എല്‍ജെഡി അംഗം ഇടതുമുന്നണി നേതൃത്വം വിളിച്ച യോഗത്തില്‍ പാര്‍ട്ടി നേതാക്കളോടൊപ്പം പങ്കെടുത്തതും. പതിമൂന്നംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ മുരളിയില്ലെങ്കിലും ഏഴ് അംഗങ്ങളായ ഇടതുമുന്നണിക്ക് ഭരണം കിട്ടുമെന്ന് ഉറപ്പായി. ഇതിനു തുടര്‍ച്ചയായാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചതും മുരളി ഇപ്പോള്‍ രാജിവെച്ചൊഴിഞ്ഞതും.
സിപിഎമ്മിന് നാലും സിപിഐ, എന്‍സിപി കക്ഷികള്‍ക്ക് ഒന്നു വീതവുമാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ അംഗങ്ങള്‍്. യുഡിഎഫില്‍ മുരളി ഉള്‍പെടെ കോണ്‍ഗ്രസിന് നാലും ലീഗിന് രണ്ടും അംഗങ്ങളുണ്ട്. ഏതായാലും ഇനിയുള്ള രണ്ടുകൊല്ലം തോടന്നൂരില്‍ ഇടതുമുന്നണിക്ക് ഭരിക്കാം.