മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം: കളക്ടര്‍

0
247

കോഴിക്കോട്: ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്ന രീതിയോടാണ് തനിക്ക് ആഭിമുഖ്യം എന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവറാവു. ജില്ലാഭരണകൂടത്തിന്റെ ശുചിത്വ സാക്ഷരത സ്‌കൂളുകളില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ക്ലാസ് മുറികളിലും രൂപീകരിക്കപ്പെട്ട ഗ്രീന്‍ അംബാസിഡര്‍മാരുടെ ജില്ലാതല പ്രഖ്യാപനം വെസ്റ്റ്ഹില്‍ സെന്റ്‌മൈക്കിള്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ഇടങ്ങളിലെ മാലിന്യം പൊതു മാര്‍ഗങ്ങള്‍ ഉപയോഗിച്ചും വീടുകളിലെ മാലിന്യം വീടുകളില്‍ തന്നെയും തരംതിരിച്ച് സംസ്‌കരിച്ചാല്‍ മാലിന്യം ഒരു പ്രശ്‌നമല്ല. പൊതുജന സഹകരണവും സാങ്കേതികവിദ്യയും കൈകോര്‍ത്താല്‍ മാലിന്യ പ്രശ്‌നം എളുപ്പം പരിഹരിക്കാം-കളക്ടര്‍ പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സേവ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വടയ ക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. എച്ച്എം ഫോറം കണ്‍വീനര്‍ കെ.കെ.രഘുനാഥ്, അബ്ദുള്ള സല്‍മാന്‍, ജിന്റോ ചെറിയാന്‍, കെ. ഗിരീഷ് കുമാര്‍, കെ. ഹരീഷ്, സിസ്റ്റര്‍ ബ്രിജീലിയ, സിസ്റ്റര്‍ മേഴ്‌സി, സഞ്ജന യു നായര്‍, വി.ഷീജ, ഇ.എം. രാജന്‍, സില്‍വി സെബാസ്റ്റ്യന്‍, ടി.എന്‍.കെ. നിഷ, സിസ്റ്റര്‍ ടെസി, ഗോപിക സുരേന്ദ്രന്‍ എന്നവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി നേരത്തെ അധ്യാപകര്‍ക്കായി ആറ് ശില്പശാലകള്‍ നടത്തിയിരുന്നു. പരിശീലനം ലഭിച്ച അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തി ഓരോ light-8-Parcoക്ലാസിനും ഓരോ ഹരിത അംബാസിഡര്‍മാരെ സൃഷ്ടിച്ചു. ഇങ്ങനെ ജില്ലയിലെ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 4500 ലേറെ ഹരിത അംബാസഡര്‍മാരാണ് നിലവിലുള്ളത്. സ്‌കൂളിലെ ശുചിത്വ, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക ഇവരാണ്.
മാനാഞ്ചിറ ഗവണ്‍മെന്റ് ഐടിഐ മോഡല്‍ യുപി സ്‌കൂളിലെ ഗ്രീന്‍ അംബാസിഡര്‍മാര്‍ക്ക് ഹൈലൈറ്റ് ഗ്രൂപ്പ് നല്‍കിയ യൂണിഫോം യോഗത്തില്‍ വിതരണം ചെയ്തു.
ഹരിത അംബാസിഡര്‍മാരുടെ ജില്ലാതല പ്രഖ്യാപനത്തിന് ശേഷം കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഗ്രീന്‍ അംബാസിഡര്‍മാര്‍ക്കുള്ള ശില്‍പശാലയും നടന്നു. ശില്‍പശാലക്ക് ഷൗക്കത്ത് അലി എരോത്ത് നേതൃത്വം നല്‍കി.