വടകര: ‘അടുക്കള തിരിച്ചുപിടിക്കുക’ എന്ന മുദ്രാവാക്യവുമായി തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഭക്ഷ്യമേള ശ്രദ്ധേയമായി. കൃത്രിമ രുചിക്കൂട്ടുകള്‍ നിറഞ്ഞ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നു കുട്ടികളെ നാടന്‍, ഗൃഹ നിര്‍മിത ഭക്ഷണത്തിലേക്ക് തിരിച്ചുകൊണ്ടുവരിക ലക്ഷ്യം വെച്ചുള്ളതായിരുന്നു മേള. ഭക്ഷ്യ വിഭവങ്ങളെല്ലാം രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികള്‍ സ്വന്തം വീടുകളില്‍ നിര്‍മിച്ചവയായിരുന്നു. നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യന്‍, അറേബ്യന്‍, ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളെല്ലാം ക്ലാസ്മുറിയില്‍ നിരന്നു. ഭക്ഷണം പങ്കുവെക്കുമ്പോള്‍ സ്നേഹവും സൗഹൃദവും കൂടെ കൈമാറുന്നു എന്ന പാഠമാണ് വിദ്യാര്‍ഥികള്‍ രുചിച്ചത്.
തോടന്നൂര്‍ എഇഒ കെ.ഹരീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്തു. അധ്യാപകന് വടയക്കണ്ടി നാരായണന് മാര്ണനിര്ദ്ദേശം നല്കി. മെഹ്ദിയെ അഷ്റഫ്, മുഹമ്മദ് നിഹാല്‍, എസ്.പൂജ, കെ.അഫീഫ്, നദ ഫാത്തിമ, സിനാജ് സമീര്‍, പി.അശ്വിന് എന്നിവര്‍ നേതൃത്വം നല്കി.