വിദ്യാര്‍ഥികളുടെ വൈദഗ്ധ്യം തെളിയിച്ച് വൊക്കേഷണല്‍ എക്സ്പോ

0
186

വടകര: ടൗണ്‍ഹാളില്‍ നടന്ന വിഎച്ച്എസ്ഇ വൊക്കേഷണല്‍ എക്‌സ്‌പോ കുട്ടികളുടെ വൈദഗ്ധ്യം കൊണ്ട് ശ്രദ്ധേയമായി. തഴക്കം ചെന്നവരെ വെല്ലുംമട്ടിലാണ് വിദ്യാര്‍ഥികള്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഇവയുടെ പ്രദര്‍ശനം കാണാന്‍ നിരവധി പേരെത്തി
കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പെടുന്ന വടകര മേഖലയിലെ വിഎച്ച്എസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് ടൗണ്‍ഹാളില്‍ നടന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പച്ചക്കറി വിത്തുകള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് വിവിധ സ്റ്റാളുകളിലായി ഒരുക്കിയത്. പഠനത്തിന്റെ ഭാഗമായി നിര്‍മിച്ചവയാണ് ഇതൊക്കെ. വിദ്യാര്‍ഥികളുടെ കൈമിടുക്ക് തെളിയിക്കുന്ന ഉല്‍പന്നങ്ങള്‍ പലതും ശ്രദ്ധപിടിച്ചുപറ്റി.
കോഴിക്കോട് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടര്‍ എം ശെല്‍വമണി, ജില്ലാ വിദ്യഭ്യാസ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ പി.മധു, ബിപിഒ വിനോദ് എന്നിവര്‍ പങ്കെടുത്തു. 38 വിദ്യാലയങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചറല്‍, ആനിമല്‍ ഹസ്ബെന്ററി, ഫിഷറീസ്, ഹോംസയന്‍സ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലുള്ള സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കരിക്കുലം ബേസ്ഡ്, മാര്‍ക്കറ്റബിള്‍, പ്രോഫിറ്റബിള്‍, ഇന്നവേറ്റീവ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്ഒന്നാം സ്ഥാനം നേടിയ സ്റ്റാളുകള്‍ 24നു കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന തല മേളക്ക് യോഗ്യത നേടി. ജിവിഎച്ച്എസ്എസ് മടപ്പള്ളി, ജിവിഎച്ച്എസ്എസ് മാനന്തവാടി, ജിവിഎച്ച്എസ്എസ് താമരശ്ശേരി, ജിവിഎച്ച്എസ്എസ് അത്തോളി എന്നീ സ്‌കൂളുകള്‍ വിവിധ വിഭാഗങ്ങളിലായി സംസ്ഥാന തല മേളക്ക് യോഗ്യത നേടി.

parco