എന്താണ് സാറേ ഉറി; കൗതുകം വിരിയിച്ച് പൈതൃകം 2018

0
932
പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ കുമ്ട്ടി (പീടിക)

വടകര: ഭക്ഷണ പദാര്‍ഥങ്ങള്‍ ഉള്‍പെടയുള്ളവ സൂരക്ഷിതമായി വെക്കുന്ന ഉറിയും വെളിച്ചം തരുന്ന പെട്രോമാക്‌സും കണ്ട് കുട്ടികള്‍ കൗതുകം പൂണ്ടു. ഇതെന്തിനാണെന്ന് കുട്ടികള്‍ ചോദിച്ചുകൊണ്ടേയിരുന്നു. കേരളപിറവി ആഘോഷത്തിന്റെ ഭാഗമായി താഴെപ്പള്ളി ഭാഗം ജെ.ബി സ്‌കൂളില്‍ സംഘടിപ്പിച്ച പൈതൃകം 2018 കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകകാഴ്ചയായി.
പുതിയ തലമുറ കണ്ടിട്ടില്ലാത്ത കാര്‍ഷിക ഉപകരണങ്ങളും വീട്ടുപകരണങ്ങളുമായിരുന്നു മേളയിലധികവും. ഉറി, താളിയോല, പണപ്പലക, തേക്കുകൊട്ട, ഗ്രാമ ഫോണ്‍, ട്രാന്‍സിസ്റ്റര്‍ റേഡിയോ, കലപ്പ, ശരറാന്തല്‍, പെട്രോമാക്സ്, ചീന ഭരണി, നന്നങ്ങാടി തുടങ്ങിയവ വേറിട്ട കാഴ്ചയായി. ഇരുനൂറ് വര്‍ഷം പഴക്കമുള്ള മരവിയും മുഗള്‍ രാജവംശകാലത്തെ നാണയങ്ങളും രണ്ടര നൂറ്റാണ്ട് പഴക്കമുളള ഖുര്‍ആന്‍ കൈയ്യെഴുത്ത് പ്രതിയും വിസ്മയം പകര്‍ന്നു. 1947ന് മുമ്പുള്ള കേരളീയ ജീവിതം വിളിച്ചോതുന്നതും പഴയകാല പദങ്ങളുടെ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ചാര്‍ട്ടുകള്‍ മേളയ്ക്ക് കൊഴുപ്പേകി. പരമ്പരാഗത ഭക്ഷണ പ്രദര്‍ശനവും ഉണ്ടായിരുന്നു.
പഴയ കാല മിഠായികളും ഉപ്പിലിട്ടതും വില്‍ക്കുന്ന കുമുട്ടി പീടികയില്‍ നല്ല തിരക്കായിരുന്നു. കഞ്ഞിയും പുഴുക്കും മത്തി വരട്ടിയതുമായിരുന്നു ഇടവേള ഭക്ഷണം. മൂന്ന്, നാല് ക്ളാസുകളിലെ പരിസര പഠനം പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായതിനാല്‍ സമീപത്തെ നിരവധി സ്‌കൂളുകളില്‍ നിന്നു കുട്ടികള്‍ പ്രദര്‍ശനം കാണാനെത്തി. പഴയ കാര്‍ഷിക സ്മൃതിയുടെ നേര്‍കാഴ്ചയായി മാറിയ പ്രദര്‍ശനം എഇഒ ടി.എം. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എംഐ സഭ മാനേജര്‍ പ്രൊഫ കെ.കെ.മഹമൂദ്, വാര്‍ഡ് കൗണ്‍സിലര്‍ എം.ബുഷ്റ, ബിആര്‍സി കോഡിനേറ്റര്‍ പ്രമോദ്, ട്രെയിനര്‍ കുഞ്ഞമ്മദ്, പ്രധാനാധ്യാപകന്‍ കെ.സലാം, സറ്റാഫ് സെക്രട്ടറി ടി.കെ. കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

SUBITH-V-3-2 - Copy