കഞ്ചാവ് എത്തിക്കുന്നത് മാവോയിസ്റ്റ് മേഖലകളില്‍ നിന്ന്

0
461

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: കല്ലാച്ചിയില്‍ പോലീസ് പിടികൂടിയ കഞ്ചാവ് ശേഖരം എത്തിച്ചത് ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് മേഖലകളില്‍ നിന്നെന്ന് പ്രതികളുടെ മൊഴി. പോലീസ് പിടിയിലായ കായ്പ്പനച്ചി സ്വദേശി മണികണ്ഠനും സുഹൃത്തുമാണ് കഞ്ചാവെത്തിച്ചത്. കഞ്ചാവ് വാങ്ങാന്‍ ബാഗ്ളുരു വഴിയാണ് ഇവര്‍ ആന്ധ്രയിലെത്തിയത്. പിന്നീട് ഇടനിലക്കാര്‍ വഴി കഞ്ചാവ് ശേഖരിച്ച് നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം മടങ്ങുകയായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
താമരശ്ശേരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഷൈജു മുഖേനയാണ് മണികണ്ഠന്‍ ആന്ധ്രയിലെ കഞ്ചാവ് ലോബിയുമായി ബന്ധപ്പെടുന്നത്. ആയുധങ്ങള്‍ വാങ്ങിക്കുന്നതിനും ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുമായി പണം കണ്ടെത്തുന്നതിനു മാവോയിസ്റ്റുകള്‍ ലഹരിക്കടത്ത് നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആന്ധ്രയിലെ വാറംഗല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് പ്രധാന മാവോയിസ്റ്റ് മേഖലകള്‍.
പെരിങ്ങത്തൂര്‍ കായ്പ്പനച്ചി, കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, കരിയാട് മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഷൈജു, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കഞ്ചാവ് സംഘങ്ങളുടെ പ്രധാന പ്രവര്‍ത്തനം. മംഗലാപുരം കേന്ദ്രീകരിച്ചും ഇടക്കാലത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ നാദാപുരം മേഖലകളില്‍ വിതരണം ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കല്ലാച്ചി ടൗണ്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്ക് മരുന്ന് ലോബി പ്രവര്‍ത്തികുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കൂടാതെ മാറ്റാര്‍ക്കെങ്കിലും കഞ്ചാവ് എത്തിക്കുന്നതില്‍ പങ്കുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് നാദാപുരം ഡിവൈഎസ്പി ഇ.സുനില്‍കുമാര്‍ പറഞ്ഞു.

SUBITH-V-3-2 - Copy