അനാചാരങ്ങള്‍ക്കെതിരായ നാടകത്തിന് ഒന്നാം സ്ഥാനം

0
208

വടകര: അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവതരിപ്പിച്ച ‘മൂഷികവിശേഷം’ ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. വിഗ്രഹങ്ങള്‍ പാലു കുടിക്കുകയും ആള്‍ദൈവങ്ങള്‍ അരങ്ങ് വാഴുകയും സ്ത്രീ അശുദ്ധിയാണെന്നു പറയുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ താക്കീത് നല്‍കുകയാണ് മേമുണ്ടയുടെ ഈ വര്‍ഷത്തെ ശാസ്ത്ര നാടകം.
മനുഷ്യനുമായി 99% സാമ്യമുള്ള യന്ത്രമനുഷ്യരെ ശാസ്ത്രം നിര്‍മിക്കുകയും വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യിക്കുകയും ചെയ്യുന്ന ഈ കാലത്ത് യന്ത്രമനുഷ്യര്‍ക്ക് qqപൗരത്വം നല്‍കുകയാണ് വിദേശ രാജ്യങ്ങള്‍. അപ്പോഴാണ് ഇവിടെ നാം അന്ധവിശ്വാസങ്ങള്‍ക്കായി തെരുവില്‍ പോരാടുന്നത്. അങ്ങനെയുള്ള ഈ രാജ്യത്തെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( നിര്‍മിത ബുദ്ധി) ഉപയോഗിച്ച് പൊളിച്ചടുക്കുമ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് നാടകം സദസ് ഏറ്റുവാങ്ങുന്നത്. ഇതോടൊപ്പം പ്രകൃതിയെയും പുഴകളെയും മണ്ണിനെയും സംരക്ഷിച്ച് ജൈവകൃഷി വീണ്ടെടുത്ത് പഴയകാലത്തെ നന്മകളെ തിരിച്ചു പിടിക്കണമെന്നും ഈ നാടകം വിളിച്ചു പറയുന്നു.
പ്രദീപ് കണ്ണങ്കോട് രചനയും റഫീഖ് മംഗലശ്ശേരി സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ ആരതി ആര്‍ ബാബു, അശ്വതി രാംദാസ്, അഭിനവ്, നീരജ്, ഗൗതം കൃഷ്ണ, നിവേദ് ആര്‍, അനജ് വി.കെ, അഭിന്‍ അന്നിവരാണ് വേഷമിടുന്നത്. ഈ വരുന്ന പത്താം തിയ്യതി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തില്‍ ഈ നാടകം അരങ്ങേറും. മൂഷികവിശേഷത്തിലെ പ്രതിഭകളെ മേമുണ്ട ഹയര്‍ സ്‌കൂള്‍ പി.ടി.എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.

SUBITH-V-3-2 - Copy