കാര്‍ബണ്‍ സന്തുലിതമാക്കാന്‍ സ്‌കൂളിലേക്ക് സൈക്കിള്‍ യാത്ര

0
266

വടകര: കാര്‍ബണ്‍ സന്തുലിത വിദ്യാലയമായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച സൈക്കിള്‍ സംഘത്തിന്റെ ഉദ്ഘാടനം ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാര്‍ബണ്‍ നിര്‍ഗമനം ആണെന്ന തിരിച്ചറിവില്‍ നിന്നാണ് കാര്‍ബണ്‍ പുറത്തുവിടാതിരിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. SK copyസൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ബണ്‍ നിര്‍ഗമനവും അതുവഴി അന്തരീക്ഷ മലിനീകരണവും ഉണ്ടാകുന്നില്ല. വ്യായാമം കുറഞ്ഞ ഒരു സമൂഹത്തിന് ഉത്തമ വ്യായാമ ഉപാധി കൂടിയാണ് സൈക്കിളിന്റെ ഉപയോഗം. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സൈക്കിള്‍ ഉപയോഗിക്കുന്നവരാക്കി മാറ്റുകയാണ് സംഘത്തിന്റെ ലക്ഷ്യം. സംഘം രൂപീകരിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് സൈക്കിള്‍ ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ നിരവധി കുട്ടികളാണ് സൈക്കിളില്‍ സ്‌കൂളിലെത്തുന്നത്. സൈക്കിളിനായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
സൈക്കിള്‍ സംഘത്തിന്റെ ഉദ്ഘാടനം ദീര്‍ഘകാലം സൈക്കിള്‍ സവാരി നടത്തി പത്രപ്രവര്‍ത്തനം നടത്തിയ നീലിയാരത്ത് കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്‍വഹിച്ചു. SUBITH-V-3-2 - Copyകൗമാരകാലം മുതല്‍ എണ്‍പതാം വയസുവരെ സൈക്കിളില്‍ സഞ്ചരിച്ച് പത്ര വിതരണം നടത്തുകയും വാര്‍ത്തകള്‍ ശേഖരിക്കുകയും ചെയ്ത ആളാണ് കുഞ്ഞികൃഷ്ണക്കുറുപ്പ്. ഹെഡ്മാസ്റ്റര്‍ വി.എന്‍.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബുകളുടെ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ചുണ്ടേല്‍ മൊയ്തു ഹാജി, പിടിഎ പ്രസിഡന്റ് മനോജ് മണലിക്കണ്ടി, എ. ഗാര്‍ഗി, ദിയ ദിനേശ്, ബായിസ് ഇസ്മയില്‍, പി.ഹരിദാസ്, കെ.രാജന്‍, കെ. അഷ്‌റഫ്, വി. ശ്രീമതി എന്നിവര്‍ പ്രസംഗിച്ചു.