മുഖ്യമന്ത്രി ഇടപെട്ടു; സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് സര്‍ക്കാര്‍

0
258

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് മുന്‍ തീരുമാനം മാറ്റിയത്. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്താനാണ് തീരുമാനം. കുട്ടികളുടെ ഗ്രേസ്മാര്‍ക്ക് നഷ്ടപ്പെടാന്‍ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്.
കലോത്സവ മാന്വലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തീരുമാനത്തിന് മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തു. നേരത്തെ, സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിട്ടതിനെത്തുടര്‍ന്ന് ആഘോഷങ്ങള്‍ എല്ലാം തന്നെ വേണ്ടെന്നു വയ്ക്കുകയാണെന്നും ഇതിന്റെ ഭാഗമായി സ്‌കൂള്‍ കലോത്സവം, സര്‍വകലാശാല കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവ ഇക്കൊല്ലം നടത്തില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരുന്നു.
എ.കെ.ബാലന്‍ ഉള്‍പ്പെടയുള്ള ചില മന്ത്രിമാര്‍ തന്നെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന മന്ത്രി ഇ.പി.ജയരാജനാണ് കലോത്സവങ്ങള്‍ ഉള്‍പ്പെടയുള്ള ആഘോഷങ്ങള്‍ നടത്തേണ്ടെന്ന തീരുമാനം SUBITH-V-3-2അറിയിച്ചിരുന്നത്. മന്ത്രിസഭാംഗങ്ങള്‍ക്കു പുറമേ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷവും കൂടി ശക്തമായി ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ വെട്ടിലാവുകയായിരുന്നു.
അതിനിടെ, കുട്ടികള്‍ക്ക് കോലത്സവത്തിരല്‍ പങ്കെടുക്കുന്നതിന് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടാതിരിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും ജയരാജന്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ഈ അഭിപ്രായ പ്രകടനം നടന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്.