പ്രളയം: യുഎഇ 700 കോടി നല്‍കും

0
296

 

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
SUBITH-V-3ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് ഇപ്പോള്‍ പരിധി. ഇത് 4.5 ശതമാനമായി ഉയര്‍ത്താന്‍ ആവശ്യപ്പെടും. അങ്ങനെ ഉയര്‍ത്തിയാല്‍ 10500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതി അടക്കം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് 2600 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും. പശ്ചാത്തല സൗകര്യം, കൃഷി, ജലസേചനം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ നബാഡിനോട് സഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വായ്പാ കുടിശ്ശിക ആവശ്യപ്പെടുന്നതില്‍ നിന്ന് വിലക്കും. അവര്‍ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.