മയ്യന്നൂരില്‍ ഇറാനിയന്‍ ഈന്തപ്പന പൂത്തു

0
5450

വടകര: ഇന്നാട്ടില്‍ ഈന്തപ്പന പൂക്കില്ലെന്ന് ആര് പറഞ്ഞു. അനുകൂല കാലാവസ്ഥയാണെങ്കില്‍ ഇവിടെയും ഈത്തപഴം വിളയും. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂര്‍ കല്ലുള്ളതില്‍ സമീറിന്റെ പൂന്തോട്ടത്തില്‍ അഞ്ച് ഈന്തപ്പനകളില്‍ രണ്ടെണ്ണം പൂത്തിരിക്കുകയാണ്. പച്ച നിറമുള്ള കായ് രണ്ടു മാസം കൊണ്ട് പഴുത്ത് തിന്നാന്‍ പാകമാകും.
ഖത്തറില്‍ ബിസിനസുകാരനായ സമീര്‍ അഞ്ച് ഈന്തപ്പനകള്‍ 2013 ല്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവരികയായിരുന്നു. ഇവിടെ ഇവ ഫലവത്താവില്ലെന്ന് ഏവരും ഉപദേശിച്ചെങ്കിലും സമീര്‍ പിന്മാറിയില്ല. ഒരു ശ്രമം നടത്താന്‍ തന്നെ തീരുമാനിച്ചാണ് 55ഈന്തപ്പനകള്‍ നാട്ടിലെത്തിച്ചത്. ശരിയായ വിധം പരിപാലിച്ചതിനാല്‍ രണ്ടു മരങ്ങള്‍ ഈയിടെ പൂത്തു. ഒരാണും നാലു പെണ്ണുമാണ് ഇവിടെയുള്ളത്. ആദ്യം ആണ്‍ മരം പൂത്താല്‍ മാത്രമേ പെണ്‍മരത്തില്‍ പരാഗണം നടക്കൂ. ഇപ്പോള്‍ ഒരു മരത്തില്‍ അഞ്ചു കുലകളും രണ്ടാമത്തേതില്‍ രണ്ടു കുലകളുമുണ്ട്. ഒരു കുലയില്‍ നൂറിലേറെ കായികള്‍.
ചെടികളോടും മരങ്ങളോടും ഏറെ താല്‍പര്യം പുലര്‍ത്തുന്ന സമീര്‍ ഒരു മരത്തിന് കാല്‍ലക്ഷം രൂപ ചെലവിലാണ് ഈന്തപ്പനകള്‍ നാട്ടിലെത്തിച്ചത്. ഇയാള്‍ക്ക് ഇതെന്തിന്റെ സൂക്കേടാണെന്നാണ് പലരും ചോദിച്ചത്. എന്നിട്ടൊന്നും സമീര്‍ പിന്മാറിയില്ല. മഞ്ചേരിയിലെ സുഹൃത്തുമായി ചേര്‍ന്ന് ഇറാനില്‍ നിന്ന് പത്ത് വര്‍ഷത്തോളം പ്രായമുള്ള ഈന്തപ്പനകള്‍ ഖത്തറിലെത്തിക്കുകയും പിന്നീട് കരിപ്പൂരില്‍ കൊണ്ടുവരികയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ലോറിയില്‍ നാട്ടിലെത്തിച്ചു. മഞ്ചേരിക്കാരന്റെ പക്കലുള്ള മൂന്നു മരങ്ങളും ഇതുവരെ പൂത്തിട്ടില്ലെങ്കിലും സമീര്‍ ലക്ഷ്യം കണ്ടിരിക്കുകയാണ്.
ഈന്തപ്പനക്ക് നല്ല വെയില്‍ അത്യാവശ്യമാണ്. അതുപോലെ പതിവായി നനക്കുകയും വേണം. തണല്‍ സാധ്യതയുള്ള മരങ്ങളെല്ലാം മുറിച്ച്‌നീക്കിയാണ് മയ്യന്നൂരിലെ തോട്ടത്തില്‍ ഈന്തപ്പനകള്‍ നട്ടത്. ഇത് പരിപാലിക്കാന്‍ ഒരു ബംഗാളിയെ ചുമതലപ്പെടുത്തി. ഗള്‍ഫില്‍ അഞ്ചുവര്‍ഷം കൊണ്ട് പൂക്കാറുണ്ടെങ്കില്‍ മയ്യന്നൂരിലെ മരങ്ങള്‍ക്കു പതിനഞ്ചു വര്‍ഷത്തോളമെടുത്തു. മഴ ബുദ്ധിമുട്ട് സൃഷ്ടിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പൂക്കുന്ന സമയത്ത് മഴ പെയ്താല്‍ ഇവ കൊഴിഞ്ഞുപോകും. ഏതായാലും മഴ ശക്തിപ്രാപിക്കും മുമ്പ് രണ്ട് മരങ്ങള്‍ പൂത്തതിലെ സന്തോഷത്തിലാണ് സമീറും കുടുംബവും. അപൂര്‍വമായ ആപ്പിള്‍ സൈസ് ജാമ്പക്കയും അല്‍ഫോണ്‍സ് മാങ്ങയുമൊക്കെ തോട്ടത്തിലുണ്ട്. നാല്‍പതുകാരനായ സമീറിന്റെ ഇത്തരം പ്രവൃത്തികളോട് ഭാര്യ ജസീലക്കും താല്‍പര്യമാണ്. സിയ ഫാത്തിമ, സിജാന്‍, മഹമ്മദ് സമീം എന്നിവര്‍ മക്കളാണ്.

RIMSblue diamond hoteJUICE VILLA vtk