വടകര റവന്യു ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം 25 ന്

0
186

വടകര: വടകര കേന്ദ്രമായി ആരംഭിക്കുന്ന റവന്യു ഡിവിഷന്‍ ഉദ്ഘാടന സജ്ജമായി. മെയ് 25 ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.
പിഡബ്ല്യുഡി റസ്റ്റ്ഹൗസിലെ പഴയ കെട്ടിടത്തിലാണ് ആര്‍ഡിഒ ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വടകര കേന്ദ്രമായി റവന്യു ഡിവിഷന്‍ രൂപീകരിക്കണമെന്ന് എത്രയോ കാലമായി ഇവിടത്തുകാര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. സര്‍ക്കാര്‍ ഇതിനു പച്ചക്കൊടി വീശിയതോടെ ഭരണപരമായ കാര്യങ്ങള്‍ എളുപ്പമാവും.
റവന്യൂ ടവര്‍ യാഥാര്‍ഥ്യമാകുന്നതോടെ ആര്‍ഡിഒ ഓഫീസിനും സ്വന്തം കെട്ടിടമാകും. ആര്‍ഡിഒ അടക്കം 24 ജീവനക്കാരെ ഓഫീസിലേക്ക് നിയമിച്ചിട്ടുണ്ട്. ഒരു സീനിയര്‍ സൂപ്രണ്ട്, മൂന്ന് ജൂനിയര്‍ സുപ്രണ്ടുമാര്‍, രണ്ട് എ.ഒ, 12 ക്ലാര്‍ക്ക്, ഒരു ടൈപ്പിസ്റ്റ്, ഒരു ഓഫീസ് അറ്റന്‍ഡര്‍, രണ്ട് പ്യൂണ്‍ എന്നീ ജീവനക്കാരെയാണ് നിയോഗിച്ചത്. വടകര, കൊയിലാണ്ടി താലൂക്കുകളാണ് പരിധി. ക്രമസമാധാനം, ദുരിതാശ്വാസം, പ്രകൃതിദുരന്തം, വഴിത്തര്‍ക്കങ്ങള്‍, തണ്ണീര്‍ത്തടം നികത്തല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ആര്‍ഡിഒ ഓഫീസിന്റെ സേവനം ലഭ്യമാകും. ഇതുവരെ ഇത്തരം ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടേക്കാണ് ജനം പോയിരുന്നത്. ആര്‍ഡിഒ കോടതിയും ഇവിടെ പ്രവര്‍ത്തിക്കും
25 നു നടക്കുന്ന ഉദ്ഘാടനം വിജയിപ്പിക്കാന്‍ സി.കെ.നാണു എംഎല്‍എ വിളിച്ചുചേത്ത യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍, ആര്‍ഡിഒ വി.പി.അബ്ദുറഹ്മാന്‍, തഹസില്‍ദാര്‍ പി.കെ.സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

RIMSblue diamond hoteJUICE VILLA vtk