എംഎല്‍എയും കളക്ടറും പങ്കെടുത്തില്ല; യോഗം ബഹളത്തില്‍ കലാശിച്ചു

0
573

വടകര: എംഎല്‍എയും ജില്ലാകളക്ടറും പങ്കെടുക്കാത്തതിനാല്‍ ദേശീയപാത വികസനം സംബന്ധിച്ച് വടകരയില്‍ വിളിച്ച് ചേര്‍ത്ത യോഗം മുടങ്ങി. ഇവരുടെ അസാന്നിധ്യത്തെ തുടര്‍ന്നു യോഗം ബഹളത്തില്‍ കലാശിച്ചു.
തലശേരി-മാഹി ബൈപ്പാസിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബുധനാഴ്ച വൈകുന്നേരം മൂന്നിന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നാഷണല്‍ ഹൈവേ അധികൃതര്‍ യോഗം നിശ്ചയിച്ചത്. സി.കെ.നാണു എംഎല്‍എ, കളക്ടര്‍ യു.വി.ജോസ് എന്നിവര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇവര്‍ എത്തിയില്ല. ഇതിന്റെ പേരില്‍ നാട്ടുകാര്‍ രോഷാകുലരാവുകയായിരുന്നു.
ദേശീയപത വികസനത്തിന്റെ നോട്ടിഫിക്കേഷന്‍ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ നാട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചുമതലപ്പെട്ടവര്‍ എത്താത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി. മാര്‍ക്കറ്റ് വിലയും പുനരധിവാസവും സംബന്ധിച്ച് നാട്ടുകാരില്‍ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. നാല്‍പത് വര്‍ഷം പഴക്കമുള്ള വിഷയമാണ് അനിശ്ചിതമായി നീളുന്നത്. നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് യോഗം നടന്നില്ല. യോഗം പ്രഹസനമാക്കി മാറ്റിയതായും മാര്‍ക്കറ്റ് വിലയും പുരധിവാസവും ഉറപ്പാക്കാതെ ഒരുകാരണവശാലും വീടും സ്ഥലവും വിട്ടുതരില്ലെന്നും കര്‍മസമിതി നേതാക്കള്‍ പറഞ്ഞു. തഹസില്‍ദാര്‍ പി.കെ.സതീഷ് കുമാര്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

RIMSblue diamond hoteJUICE VILLA vtk