‘മ്മളെ കുട്ടി’ യുമായി സേവ്

0
334

വടകര: ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ആഭിമുഖ്യത്തില്‍ അടുത്ത അധ്യയന വര്‍ഷം ‘മ്മളെ കുട്ടി’ എന്ന പേരില്‍ പദ്ധതി വരുന്നു. ജില്ലയിലെ ഓരോ വിദ്യാലയത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടിയെ ദത്തെടുത്ത് സഹായം നല്‍കുന്ന പദ്ധതിയാണ് ഇത്.
കുട്ടിയുടെ പഠന, കലാ, കായിക പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കും. ഇതിനു ജില്ലയിലെ സഹകരണ ബാങ്കുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓരോ സ്‌കൂളിലും രൂപീകരിക്കുന്ന ജനപ്രതിനിധി, പിടിഎ പ്രസിഡന്റ്, ഹെഡ്മാസ്റ്റര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയാണ് പദ്ധതി നടപ്പിലാക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും. സമിതി സഹകരണ ബാങ്കിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ സമീപിച്ച് തുക കണ്ടെത്തണം. തുക സൂക്ഷ്മമായി ചെലവഴിക്കുകയും ഓഡിറ്റ് നടത്തുകയും വേണം. ആവശ്യമെങ്കില്‍ ഒന്നിലേറെ കുട്ടികളെ സമിതിക്കു തെരഞ്ഞെടുക്കാം.
ഇതിനു പുറമെ അടുത്ത അധ്യയന വര്‍ഷം നാല് ലക്ഷം തുണി സഞ്ചികള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. വേനലില്‍ പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കാന്‍ നാല് ലക്ഷം മണ്‍പാത്രങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇതിനു സ്‌പോണ്‍സര്‍മാരെ കണ്ടെത്തണം. സേവിന് ഒരു പ്രസിദ്ധീകരണം ആരംഭിക്കുമാനും തീരുമാനിച്ചു.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ. ശോഭീന്ദ്രന്‍, ടി.വി.രാജന്‍, സുമ പള്ളിപ്രം, ആഷോ സമം, എ.ശ്രീവത്സന്‍, വടയക്കണ്ടി നാരായണന്‍, അബ്ദുല്ല സല്‍മാന്‍, വി.മനോജ്കുമാര്‍, നിര്‍മല ജോസഫ്, കെ.സുരേന്ദ്രനാഥ്, ഇ.എം.രാജന്‍, സുബീഷ് ഇല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.
ടി.വി.രാജന്‍ (ചെയര്‍മാന്‍ ), ആഷോ സമം (കണ്‍വീനര്‍ ) ആയി ഉപദേശക സമിതിയും ഇ.കെ.സുരേഷ്‌കുമാര്‍ (ചെയര്‍മാന്‍ ), പ്രൊഫ. ശോഭീന്ദ്രന്‍ (കണ്‍വീനര്‍ ), വടയക്കണ്ടി നാരായണന്‍ (കോഓര്‍ഡിനേറ്റര്‍ ) എന്നിവര്‍ ഭാരവാഹികളായി പ്രസിദ്ധീകരണ സമിതിയും രൂപീകരിച്ചു.