പോലിസ് അസോസിയേഷന്‍ പ്രവര്‍ത്തനം: ചിലര്‍ ചുവപ്പ് കണ്ട കാളയെ പോലെ-മുഖ്യമന്ത്രി

0
281

വടകര: പോലിസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ പക്ഷപാതികളാണെന്നും ചിലര്‍ ചുവപ്പ് കണ്ട കാളയെ പോലെയാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങലില്‍ കേരളാ പൊലിസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്‍ ചെയ്ത തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോഴത്തെ സംഘടനാ നേതൃത്വം ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്നും വ്യക്തമാക്കി. ചില ജില്ലാ സമ്മേളനങ്ങളില്‍ അസോസിയേഷന്റെ പ്രവര്‍ത്തനം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ലോക് നാഥ് ബഹ്റ അസോസിയേഷന്‍ നേതാക്കള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരിക്കെയാണ് ഡിജിപിയുടെ സാന്നിധ്യത്തില്‍ തന്നെ മുഖ്യമന്ത്രി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. മാത്രമല്ല, പോലിസുകാര്‍ക്ക് രാഷ്ട്രീയം വേണ്ടെന്ന തരത്തിലുള്ള പ്രസ്താവനകളെയും അദ്ദേഹം തള്ളി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് അച്ചടക്കം പാലിക്കേണ്ട സേനാംഗം മേലുദ്യോഗസ്ഥനെ ഓഫീസില്‍ കയറി കയ്യേറ്റം ചെയ്തിരുന്നു. അന്നത്തെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് അന്വേഷണം നടത്തുകയാണ്. രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നത് അസോസിയേഷന്റെ ആരംഭത്തിലേ ഉള്ളതാണ്. വിവാദമാക്കുന്നവര്‍ക്ക് ഇക്കാര്യം അറിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ രക്തസാക്ഷികളെയല്ല, സേനക്കുവേണ്ടി ജീവത്യാഗം ചെയ്തവരെയാണ് അനുസ്മരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ചിലര്‍ ചുവപ്പുകണ്ട കാളയെ പോലെയാണ്.
കാലത്തിനനുസരിച്ച് പോലിസ് പ്രൊഫഷണല്‍ ആകണം. ക്രിമിനലുകള്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്ന കാലമാണ്. ക്രമസമാധാന പാലനത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തിനു സാധ്യമായത് ജനങ്ങളുടെ സമീപനവും പോലിസിന്റെ ജാഗ്രതയും കാരണമാണ്.
പോലിസിലെ ചിലര്‍ കാണിക്കുന്ന തെറ്റുകള്‍ സേനയുടെ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട് . ഇതിനെതിരെ ജാഗ്രത വേണം. ജന വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവണതകള്‍ കാണിച്ച ബ്രിട്ടീഷ് പോലിസിന്റെ കാലം മാറിയെന്നറിയാത്തവര്‍ ഇന്നും സേനയിലുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. ജനമൈത്രി പോലിസ് പോലുള്ള അവശ ജന വിഭാഗങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നന്നായി നടത്തണം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഡിജിപി ലോക്നാഥ് ബഹ്റ, കൊയിലാണ്ടി എംഎല്‍എ കെ.ദാസന്‍, റൂറല്‍ എസ്പി എം.കെ.പുഷ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

RIMSblue diamond hoteJUICE VILLA vtk