യുവകവി ജിനേഷ് മടപ്പള്ളിക്ക് അന്ത്യോപചാരം

0
1048

വടകര: യുവകവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജിനേഷ് മടപ്പളളിക്ക് നാടിന്റെ അന്ത്യോപചാരം. ഒഞ്ചിയം ഗവ. യുപി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.
മുറുവശ്ശേരി അവാര്‍ഡ്, മാധ്യമം-വെളിച്ചം കവിതാ പുരസ്‌കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടി. കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, ഇടങ്ങള്‍, രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍ എന്നിവയാണ് ജിനേഷിന്റെ കവിതാ സമാഹരങ്ങള്‍. കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, ടിഐഎം ട്രെയിനിങ് കോളജ് നാദാപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാദാപുരം റോഡ് കെ.ടി. ബസാറില്‍ പാണക്കുളം കുനിയില്‍ പരേതരായ സുകൂട്ടി, പത്മിനി ദമ്പതികളുടെ മകനാണ്. ഏപ്രില്‍ 16നാണ് ജിനേഷിന്റെ മാതാവ് മരണപ്പെട്ടത്. സഹോദരി: ജസില.
യുവകവി ജിനേഷ് മടപ്പള്ളിയുടെ നിര്യാണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി അനുശേചിച്ചു. കവികളില്‍ വടകരയുടെ പ്രതീക്ഷയായിരുന്നു ജിനേഷ്. വ്യത്യസ്തമായ പ്രമേയങ്ങളും ഭാഷാശൈലിയും ജിനേഷിന്റെ പ്രത്യേകതയായിരുന്നു എന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജിനേഷ് മടപ്പള്ളിയുടെ നിര്യാണത്തില്‍ സംസ്‌കാരസാഹിതി ജില്ലാകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാ ചെയര്‍മാന്‍ കെ.പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ മടപ്പള്ളി, ഇ.ആര്‍.ഉണ്ണി, പ്രമോദ് കോട്ടപ്പള്ളി, രവി നന്മണ്ട, സി.എച്ച്.അനൂപ്, എന്‍.വി.ബിജു, കൃഷ്ണനുണ്ണി, പ്രതീഷ് കോട്ടപ്പള്ളി, സുജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കവികളില്‍ പ്രതീക്ഷയായിരുന്ന ജിനേഷ് മടപ്പള്ളിയുടെ നിര്യാണത്തില്‍ കെപിസിസി വിചാര്‍ വിഭാഗ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം ചെയര്‍മാന്‍ വി.വി.പ്രദീപന്‍ അധ്യക്ഷത വഹിച്ചു. അജീഷ് വെള്ളൂക്കര, ദിനേശന്‍ എടത്തില്‍, നൈസാം തറോപ്പൊയില്‍, സില്‍ജിത്ത് മണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RIMSUntitled-1JUICE VILLA vtk