കേരളത്തിലേത് കര്‍ഷക സമരങ്ങളെ ചോരയില്‍ മുക്കുന്ന സര്‍ക്കാര്‍: കെ.എസ്.ഹരിഹരന്‍

0
236

വടകര: തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന പേരുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കാനും നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആര്‍എംപിഐ കേന്ദ്രകമ്മിറ്റിയംഗം കെ.എസ്.ഹരിഹരന്‍. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ കര്‍ഷകസമരക്കാരോട് ചര്‍ച്ചക്കെത്തിയ മുഖ്യമന്ത്രി ഫട്നാവിസ് ലോങ്മാര്‍ച്ച് നടത്തിയ കര്‍ഷകരുടെ കാല്‍തൊട്ടു വന്ദിച്ചാണ് പോയത്. എന്നാല്‍ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍കിളികളെ അടിച്ചമര്‍ത്താനാണ് പിണറായി ആജ്ഞാപിക്കുന്നതെന്ന് ഹരിഹരന്‍ കുറ്റപ്പെടുത്തി.
നേരത്തെ ഒഞ്ചിയം രക്തസാക്ഷി കുടുംബാംഗങ്ങളെയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും സംസ്ഥാന സെക്രട്ടറി എന്‍.വേണുവും കെ.കെ.രമയും ചേര്‍ന്ന് ഷാളണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എ.കെ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രമ, കെ.പി.പ്രകാശന്‍, കുളങ്ങര ചന്ദ്രന്‍, പി.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.