വടകര: ഇടതുമുന്നണി ഭരണത്തില്‍ കേരളത്തിലെ ലോക്കപ്പുകള്‍ കൊലക്കളമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആറു പേരാണ് ലോക്കപ്പ് മര്‍ദനത്തിന് ഇരയായി മരിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം സമ്മേളനത്തിനു സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയാല്‍ ജീവനോടെ തിരിച്ചുവരാത്ത അവസ്ഥ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന് പോലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കയാണ്. സ്റ്റേഷന് ഭരണം ഗുണ്ടകളുടേയും ക്രിമിനല്‍ സംഘങ്ങളുടെയും കൈകളിലാണ്. വികസനം മനുഷ്യ വികാരങ്ങളെ മാനിക്കുന്നതായിരിക്കണം. അല്ലാതെ മലപ്പുറം ജില്ലയിലും കീഴാറ്റൂരിലും ദേശീയപാത വികസനത്തിന്റെ പേരില്‍ ആളുകളെ തല്ലി ചതിക്കുന്നതാകരുത്.
ദേശീയപാത വികസനത്തിന്റെ കാര്യത്തിലടക്കം സ്ഥലം നഷ്ടപ്പെടുന്നവരുമായി ചര്‍ച്ചകള്‍ നടത്താതെയും വിശ്വാസത്തിലെടുക്കാതേയും നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. നന്ദിഗ്രാമിലെ പോലെ വികസനത്തിന്റെ പേരില്‍ ആളെ തല്ലി ചതച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി പിണറായിക്കും വന്നു ചേരുമെന്നും 2021ല്‍ നടക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യത്ത്
ആകെ സിപിഎം ഭരണം കൈയാളുന്ന കേരളവും നഷ്ടപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി.കെ.രാഗേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, കെപിസിസി സെക്രട്ടറിമാരായ എന്‍.സുബ്രമണ്യന്‍, വി.എ.നാരായണന്, അഡ്വ:കെ. പ്രവീണ്‍കുമാര്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, അനൂപ് വില്ല്യാപ്പള്ളി, അഡ്വ:ഐ.മൂസ, വി.എം.ചന്ദ്രന്, വി.പി.അബ്ദുള്‍ റഷീദ്, ശ്രീജേഷ് ഊരത്ത്, പുറന്തോടത്ത് സുകുമാരന്‍, അഡ്വ:സി.വത്സലന്‍, കൂടാളി അശോകന്, വി.എം.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.