വടകര: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം തുടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് ചോമ്പാല്‍ ഉപജില്ലയിലെ മുതുവടത്തൂര്‍ മാപ്പിള യുപി സ്കൂളിന് ഒന്നാം സ്ഥാനം. കുന്ദമംഗലം ഉപജില്ലയിലെ പുള്ളന്നൂര്‍ ഗവ. എല്‍പി രണ്ടാം സ്ഥാനവും ഫറോക്ക് ഉപജില്ലയിലെ ജിഎംയുപി മൂന്നാം സ്ഥാനവും നേടി.
ഇക്കഴിഞ്ഞ അധ്യയന വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ ഉദ്യാനം പദ്ധതി ആരംഭിച്ചത്. ജില്ലയിലെ 77 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. എല്ലാ ഉപജില്ലകളിലും ഒന്നില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചോമ്പാല ഉപജില്ലയില്‍ നിന്നുള്ള ഏക വിദ്യാലയം മുതുവടത്തൂര്‍ മാപ്പിള യുപിയായിരുന്നു. ഇതിനാണ് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചതും.
നിരവധി ഔഷധ സസ്യങ്ങളും ഔഷധ മരങ്ങളും ചിത്ര ശലഭങ്ങളും പക്ഷികളും കൊണ്ട് സമ്പുഷ്ടമായ ജൈവ വൈവിധ്യ ഉദ്യാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല കോളേജ് വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതായി ഹെഡ് മാസ്റ്റര്‍ പി.കുഞ്ഞബ്ദുല്ല, കണ്‍വീനര്‍ ഇ.പി.മുഹമ്മദലി എന്നിവര്‍ പറഞ്ഞു. 2017 നവമ്പറില്‍ പുറമേരി ഗ്രാമ പഞ്ചായത്ത് ജലനിധിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജലശ്രീ ക്ലബ്ബും സ്കൂള്‍ കാര്‍ഷിക ക്ലബ്ബും ജൈവ വൈവിധ്യ ഉദ്യാനം മികവുറ്റതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികള്‍ക്കായിരുന്നു സംരക്ഷണ ചുമതല. നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും രക്ഷാകര്‍തൃ സമിതിയും ഉദ്യാനത്തിനു വേണ്ടി നിര്‍ലോഭമായി സഹായിച്ചു. മികച്ച അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ ജൈവ വൈവിധ്യങ്ങളുടെ കലവറയാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
1979ല്‍ സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിയായപ്പോള്‍ ആരംഭിച്ച മുതുവടത്തൂര്‍ മാപ്പിള യുപി സ്കൂളിനായിരുന്നു 2014ല്‍ ജില്ലയിലെ ഏറ്റവും നല്ല കൃഷിക്കുള്ള പുരസ്കാരം ലഭിച്ചത്.