നാടിന് ആവേശമായി നടീല്‍ ഉത്സവം

0
178

ഒഞ്ചിയം: ജനകീയ കൂട്ടായ്മയില്‍ ജൈവ പച്ചക്കറി വിത്ത് നടീല്‍ ഉത്സവം നാടിന് ആവേശമായി. കൃഷിഭവന്റെ സഹകരണത്തോടെ ഒഞ്ചിയം കതിര്‍ കാര്‍ഷിക ക്ലബ് ആഭിമുഖ്യത്തിലാണ് ജൈവ പച്ചക്കറിയും വാഴയും പരമ്പരാഗത നെല്‍കൃഷിയും ആരംഭിക്കുന്നത്. ഒഞ്ചിയം പഞ്ചായത്തിലെ 5,6,7,8 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 12 ഏക്കറോളം തരിശു നിലങ്ങളാണ് കൃഷിക്കായി ഒരുക്കിയിട്ടുള്ളത്. പ്രദേശത്തെ 150 ഓളം കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും മേല്‍നോട്ടത്തിലാണ് കൃഷി നടത്തുന്നത്. കൃഷിയുടെ നടത്തിപ്പിനായി പത്തോളം വനിതാ ഗ്രൂപ്പുകളും രംഗത്തുണ്ട്.
ജൈവ പച്ചക്കറിത്തോട്ടത്തിന്റെ വിത്തു നടീല്‍ ഉത്സവം മുണ്ടോളംകുനി താഴവയലില്‍ മുതിര്‍ന്ന കര്‍ഷകന്‍ എം.പി.കുമാരന്‍ വിത്തു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കതിര്‍ കാര്‍ഷിക ക്ലബ് പ്രസിഡന്റ് കെ.പി.ബാബു, സെക്രട്ടറി പി.പി.അനില്‍ കുമാര്‍, ട്രഷറര്‍ കെ.എം.അശോകന്‍, ജോ. സെക്രട്ടറി കെ.വി.രാജേന്ദ്രന്‍, ടി.കെ.സോമന്‍, കെ.പി.രാഘവന്‍, എം.ശശി, ശ്രീജ ഉണ്ണിമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എം.അശോകന്‍, പി.ശശി, ടി.കെ.മനോജന്‍, എം.കെ.ഭാസ്‌കരന്‍, ജ്യോതി പ്രകാശ്, കെ.പി.ലീല, നിഷ സുജീന്ദ്രന്‍, എം.കെ.സജിത, ഷൈല, നാരായണി കരുവാരക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.