പാതിരാത്രി ബോര്‍ഡ് നശിപ്പിച്ച സംഭവം: ലീഗ് മണ്ഡലം സെക്രട്ടറിക്ക് സ്ഥാനം പോയി

0
2324

വടകര: ലീഗ് വടകര മണ്ഡലം സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ളയെ ജില്ലാ നേതൃത്വം തല്‍സ്ഥാനത്ത് നിന്നു നീക്കി. ഓര്‍ക്കാട്ടേരിയില്‍ മദ്രസ അധ്യാപകനും ലീഗിന്റെ മുതിര്‍ന്ന നേതാവുമായ എ.വി.അബൂബക്കര്‍ മൗലവിയെ ആദരിക്കുന്ന പരിപാടിക്ക് വേണ്ടി സ്ഥാപിച്ച ബോര്‍ഡ് പാതിരാത്രി നശിപ്പിച്ച സംഭവത്തിലാണ് നടപടി. ഇതു സംബന്ധിച്ച ജില്ലാകമ്മിറ്റിയുടെ കത്ത് വടകര മണ്ഡലം പ്രസിഡന്റിന് കൈമാറി.
പാര്‍ട്ടിക്ക് ഏറെ ദോഷമുണ്ടാക്കിയ കുഞ്ഞബ്ദുള്ളക്കെതിരെ പാര്‍ട്ടിക്കകത്ത് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സെക്രട്ടറിയെ മാറ്റണമെന്ന് മണ്ഡലത്തിലെ നാല് പഞ്ചായത്ത് കമ്മിറ്റികളും വടകര മുനിസിപ്പല്‍ കമ്മിറ്റിയും ഒറ്റക്കെട്ടായി ആവശ്യപ്പെടുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് കുഞ്ഞബ്ദുള്ളയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തിയുള്ള നടപടി.
കാര്‍ത്തികപള്ളി മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒ.കെ.കുഞ്ഞബ്ദുള്ള സെക്രട്ടറിയായ പാനല്‍ തോല്‍ക്കാന്‍ എ.വി.അബൂബക്കര്‍ മൗലവി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു കുഞ്ഞബ്ദുള്ളയുടെ വിവാദ പ്രവൃത്തി. ഇദ്ദേഹം പാതിരാത്രി ഓര്‍ക്കാട്ടേരിയില്‍ നിന്നു ബോര്‍ഡ് നശിപ്പിക്കുന്നത് സമീപത്തെ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതു മനസിലാക്കിയ കുഞ്ഞബ്ദുള്ള പിറ്റേന്ന് കാലത്ത് പള്ളിയിലെ കംപ്യൂട്ടറില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ ഹാര്‍ഡ് ഡിസ്‌ക്ക് ഡല്‍ഹിയില്‍ അയച്ച് റിക്കവര്‍ ചെയ്തപ്പോഴാണ് കുഞ്ഞ്ബ്ദുള്ളയുടെ പങ്ക് വ്യക്തമായത്. സംഭവത്തില്‍ പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത തെളിവുണ്ടായ സാഹചര്യത്തിലാണ് അച്ചടക്ക നടപടി. ജോ.സെക്രട്ടറിക്ക് താത്ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.