ടി.പി.യെ എന്തിന് കൊന്നു; ഒഞ്ചിയത്തെങ്ങും ചോദ്യം അലയടിക്കുന്നു

0
1938

വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ടി.പി.ചന്ദ്രശേഖരന്‍ അനുകൂല പ്രസംഗം നടത്തിയതോടെ ഒഞ്ചിയത്തെങ്ങും ഒരു ചോദ്യം അലയടിക്കുന്നു. ടി.പി.യെ എന്തിന് കൊന്നു എന്ന ചോദ്യം.
ടി.പിയെ വാഴ്ത്തിയുള്ള കോടിയേരിയുടെ പ്രസംഗം സിപിഎമ്മിന്റെ പരിഹാസ്യത വെളിപ്പെടുന്നതാണെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ പടനയിച്ച് 2008ല്‍ പുറത്തുപോയ ചന്ദ്രശേഖരനെ കൊന്നുതള്ളിയവര്‍ തന്നെ അദ്ദേഹത്തെ പുകഴ്ത്തുന്ന നിലപാട് സ്വീകരിച്ചത് എങ്ങും ചര്‍ച്ചയായിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആര്‍എംപിഐ നേതാവായിരുന്ന ചന്ദ്രശേഖരനെ വാഴ്ത്തി സംസാരിച്ചത്. ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നുവെന്നാണ് കോടിയേരിയുടെ പ്രതികരണം. ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ലെന്നും പാര്‍ട്ടിയോട് അടുക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ആര്‍എംപിഐയുടെ ഇപ്പോഴത്തെ നേതൃത്വം യുഡിഎഫുമായി ചേരുന്നുവെന്നുമായിരുന്നു കോടിയേരിയുടെ പ്രസംഗം.
ആര്‍എംപിഐ നേതാക്കളെ മാറ്റി നിര്‍ത്തി അണികളെ സിപിഎമ്മിലേക്ക് അടുപ്പിക്കാന്‍ വേണ്ടി പ്രസംഗിച്ച കോടിയേരി ചന്ദ്രശേഖരനെ വാഴ്ത്തുമ്പോള്‍ യഥാര്‍ഥ വസ്തുത മറച്ചുവെക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം. ചന്ദ്രശേഖരന്‍ നല്ലവനായിരുന്നെങ്കില്‍ എന്തിന് അദ്ദേഹത്തെ കൊന്നുവെന്ന ചോദ്യം ഒഞ്ചിയത്തെങ്ങും അലയടിക്കുകയാണ്. എത്ര ക്രൂരമാണ് സിപിഎം നിലപാടെന്നാണ് നാട്ടിലെങ്ങും ഉയരുന്നത്. ഈ ചോദ്യത്തിന് ഉത്തരമെന്തെന്നാണ് ഏവര്‍ക്കും അറിയേണ്ടത്.
യഥാര്‍ഥത്തില്‍ 2008 ല്‍ ആര്‍എംപി രൂപീകരിച്ചത് മുതല്‍ ചന്ദ്രശേഖരന്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. ശനിയാഴ്ച കോടിയേരി പ്രസംഗിച്ച ഓര്‍ക്കാട്ടേരി കച്ചേരി മൈതനായിലാണ് ചന്ദ്രശേഖരനും കൂട്ടരും ചേര്‍ന്ന് 2008 ജൂലൈ ഏഴിന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. ഏറാമല പഞ്ചായത്തില്‍ പിറന്ന ആര്‍എംപി പൊടുന്നനെ ഒഞ്ചിയം പഞ്ചായത്തിലേക്ക് പടര്‍ന്നുകയറി. ഇതിന്റെ അലയൊലി അഴിയൂര്‍, ചോറോട് ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിച്ചപ്പോള്‍ സിപിഎം നേതൃത്വം അങ്കലാപ്പിലായിരുന്നു. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതുകൊണ്ടുതന്നെയാണ് ടി.പിയെ കുലംകുത്തിയെന്ന് വിളിച്ചത്. വലതുപക്ഷ കോടാലി, തുരപ്പന്‍ എന്നിങ്ങനെ മോശം പ്രയോഗങ്ങള്‍ ചന്ദ്രശേഖരനു മേല്‍ ചാര്‍ത്തി. എങ്കിലും ധീരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ ഫലമായി ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം പഞ്ചായത്ത് ഭരണം സിപിഎമ്മില്‍ നിന്ന് ആര്‍എംപി പിടിച്ചെടുത്തു. ഇത് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിക്കായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയത്.
ആര്‍എംപിഐ രൂപീകരിച്ച നാള്‍ മുതല്‍ ഇക്കാലംവരെ നിരന്തരം കൊടിയ അക്രമങ്ങളാണ് സിപിഎമ്മില്‍ നിന്നു പാര്‍ട്ടി നേരിടുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം 11 ന് തീവെപ്പും കൊള്ളയും അരങ്ങേറി. അക്രമികളെ പിടികൂടുന്നതിനു പകരം അവരെ വെള്ളപൂശുന്ന നിലപാട് ഉണ്ടായപ്പോള്‍ സിപിഎമ്മിനെതിരെ ആര്‍എംപിഐ യൂഡിഎഫുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. സിപിഎം അക്രമത്തിനെതിരെ ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചതിനു പുറമെ വിഷയം നിയമസഭയിലും ചര്‍ച്ചയായി. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയപ്പോഴാണ് രാഷ്ട്രീയ വിശദീകരണത്തിനെത്തിയ കോടിയേരി ആര്‍എംപിഐ അണികളെ ചാക്കിടാന്‍ പുതിയ നമ്പര്‍ ഇറക്കിയത്. ടി.പി.യെ വാഴ്ത്തുമ്പോള്‍ അദ്ദേഹത്തെ മറ്റാരോ ആണ് കൊന്നതെന്ന തോന്നല്‍ കൂടി പ്രചരിപ്പിക്കുക എന്നതും ലക്ഷ്യമാവാം. ഇതൊക്കെ ഒഞ്ചിയത്ത് ചൂടുപിടിച്ച ചര്‍ച്ചയിലേക്കു നയിക്കുകയാണ്.
ചന്ദ്രശേഖരന വാഴ്ത്തിയുള്ള കോടിയേരിയുടെ പ്രസംഗം നാട്ടിലെ സിപിഎം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതായും സംസാരമുണ്ട്. ചന്ദ്രശേഖരനെ ഇകഴ്ത്തി പ്രസംഗിക്കുകയും മോശക്കാരനെന്നു പറഞ്ഞു നടക്കുകയും ചെയ്തവര്‍ കോടിയേരിയുടെ പ്രസംഗത്തില്‍ നിരാശരാണ്. ടി.പി.ചന്ദ്രശേഖരന്‍ രക്തസാക്ഷിദിനം സിപിഎം ആചരിക്കാന്‍ പോലും തയാറായേക്കുമെന്ന മട്ടിലാണ് ഒഞ്ചിയത്ത് പരിഹാസം നീളുന്നത്.