ഊരാളുങ്കല്‍ ‘മടിത്തട്ട്’ നാടിന് സമര്‍പ്പിച്ചു

0
377

മടപ്പള്ളി: നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദന്റെ കര്‍മ മണ്ഡലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ആത്മവിദ്യാ സംഘത്തിന്റെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ ‘മടിത്തട്ട്’ നാടിന് സമര്‍പ്പിച്ചു. നാദാപുരം റോഡില്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. വയോജന പൊതുസേവന കേന്ദ്രം അബ്ദുള്‍ സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സി കെ നാണു എംഎല്‍എ അധ്യക്ഷനായി. ഡോ. എം കെ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുതിര്‍ന്ന പൗരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മടിത്തട്ട് പദ്ധതിക്ക് തുടക്കമിട്ടത്. വാര്‍ധക്യ സംബന്ധമായ ശാശീരിക പ്രശ്‌നങ്ങളും ഒറ്റപ്പെടലും അനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രവേശനം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യപ്രവര്‍ത്തകരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്‌മെന്റുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് പദ്ധതി ഗുണഭോക്താക്കളായ മുതിര്‍ന്ന പൗരന്മാരെ കണ്ടെത്തിയത്. വേയാജന ചരിചരണത്തില്‍ വൈദഗ്ധ്യമുള്ളവരെയാണ് ജീവനക്കാരായി നിയമിച്ചത്.
ഇതിനകം 33 പേര്‍ക്ക് പ്രവേശനം നല്‍കി. തുടക്കത്തില്‍ 50 പേര്‍ക്കാണ് പ്രവേശനം. 100 പേര്‍ക്ക് ഭാവിയില്‍ പ്രവേശനം നല്‍കുകയാണ് ലക്ഷ്യം. രാവിലെ 8.30 മുതല്‍ വീടുകളിലെത്തി വയോജനങ്ങളെ സ്വീകരിക്കും. വൈകിട്ട് 4.30 ന് വാഹനത്തില്‍ തിരിച്ച് വീട്ടിലെത്തിക്കും. രാവിലെ പത്തു മുതല്‍ മൂന്നുവരെയാണ് പ്രവര്‍ത്തന സമയം. ഫിസിയോതെറാപ്പി, ജറിയാട്രിക് കൗണ്‍സലിങ്, ലാബ് പരിശോധന, മെമ്മറി ക്ലിനിക്ക്, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കും. ഡോക്ടറുടെയും നേഴ്‌സിന്റെയും സേവനവും ലഭിക്കും.
സാഹിത്യകാരന്‍ എം മുകുന്ദനാണ് ‘മടിത്തട്ട’് എന്ന നാമധേയം നല്‍കിയത്.