ഇംഗ്ലീഷ് ഉച്ചാരണം നേരെയാക്കാന്‍ സംഘടന

0
716

വടകര: ശരിയായ ഇംഗ്ലീഷ് ഉച്ചാരണം ലക്ഷ്യമിട്ട് ഒരു കൂട്ടം ഇംഗ്ലീഷ് അധ്യാപകര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഫൊണറ്റിക് അസോസിയേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കി. മറ്റു വിഷയങ്ങളോടൊപ്പം ഇംഗ്ലീഷിലും നമ്മുടെ വിദ്യാര്‍ഥികള്‍ അവഗാഹം നേടുന്നുണ്ടെങ്കിലും ഉച്ചാരണത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന ബോധമാണ് സംഘടനയുടെ പിറവിക്ക് കാരണം. അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ ഇംഗ്ലീഷ് ഉച്ചാരണം പുഛിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഇതുകാരണം പല അവസരങ്ങളും നഷ്ടപ്പെടുന്നു.’മല്ലു ഇംഗ്ലീഷ്’ എന്ന് അധിക്ഷേപിച്ച് മാറ്റി നിര്‍ത്തപ്പെടുന്നു. ഇതിനു പരിഹാരം ലക്ഷ്യമിട്ട് ബിബിസി ഇംഗ്ലീഷ് ജനങ്ങളിലെത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
ഇതിനായി ഇംഗ്ലീഷ് ബോധന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് നിവേദനം നല്‍കും. ഡെമോ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.
ഇന്ത്യന്‍ ഫൊണറ്റിക് അസോസിയേഷന്‍ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ എ.പി.ഗംഗാധരന്‍ നിര്‍വഹിച്ചു. പ്രൊഫ.പി.ആര്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വടയക്കണ്ടി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.നാണു നെല്ലിയൂറ, പി.പ്രദീപ് കുമാര്‍, സി. സതീഷ്, കെ.ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. ഡെമോ ക്ലാസുകളും പരിശീലന പരിപാടികളും ആവശ്യമുള്ളവരും സംഘടനകളും 8075617183 എന്ന നമ്പറില്‍ ബന്ധപ്പെടണം.