ജൈവപച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിച്ച് മദ്രസ അധ്യാപകന്‍

0
558

കുറ്റിയാടി: ഒഴിവു വേളയില്‍ നാടന്‍വിത്തുകളും ജൈവവളവുമുപയോഗിച്ചു പച്ചക്കറികൃഷി ചെയ്ത് വിജയഗാഥ രചിക്കുകയാണ് കിഴക്കേ മലയോരത്തെ മദ്രസാ അധ്യാപകന്‍. വയനാട് ജില്ലയിലെ വെസ്റ്റ് വെള്ളിലാടി സ്വദേശിയായ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന അന്‍പത്തിനാലുകാരന്‍ കൃഷിയില്‍ വ്യത്യസ്തനാവുകയാണ്. തന്റെ ജോലിസ്ഥലമായ കുറ്റിയാടി കള്ളാട്ട് ജുമുഅത്ത്പള്ളിക്ക് സമീപത്താണ് ജൈവ പച്ചക്കറി കൃഷി.
കാബേജ്, വെണ്ട, തക്കാളി, പച്ചമുളക്, പയര്‍, ചീര, പടവലം, കോളിഫ്‌ളവര്‍, വെള്ളരി, ചോളം, വഴുതിന, മത്തന്‍, കുമ്പളം, പാവക്ക തുടങ്ങി ഒട്ടുമിക്ക പച്ചക്കറിയിനങ്ങളും മുഹമ്മദ് ഒരുക്കിയ തോട്ടത്തിലുണ്ട്. ഇതിനു പുറമെ റോബസ്റ്റ്, നേന്ത്ര തുടങ്ങിയ വാഴകൃഷിയും ചെയ്തു വരുന്നുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള മുപ്പത് സെന്റ് ഭൂമിയിലാണ് മുഹമ്മദ് ഈ കൃഷിയൊക്കെ ചെയ്യുന്നത്.
കര്‍ഷകനായ പിതാവില്‍ നിന്നു ലഭിച്ച അറിവാണ് മുഹമ്മദിനെ കൃഷിയില്‍ തല്‍പ്പരനാക്കിയത്. പരിസരവാസികളൊക്കെ എന്തെങ്കിലും കൃഷി ചെയ്യാന്‍ ജോലിക്കാരെ ആശ്രയിക്കുമ്പോള്‍ പരസഹായമില്ലാതെ കുഴിയെടുത്തും കണ്ണികൂട്ടിയും ഗ്രോബാഗ് നിറച്ചും മുഹമ്മദിന്റെ കൃഷിപ്രവൃത്തി നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ച്ച തന്നെയാണ്.
രാവിലെ മദ്രസ അധ്യാപനം കഴിഞ്ഞാല്‍ പിന്നെ മുഹമ്മദ് മുസ്ല്യാര്‍ തലയില്‍ തോര്‍ത്തുമുണ്ടും കയ്യിലൊരു തൂമ്പയുമായി നേരെ പോകുന്നത് പള്ളിയോട് ചേര്‍ന്ന മുപ്പത് സെന്റ് ഭൂമിയിലെ കൃഷിത്തോട്ടത്തിലേക്കാണ്. ളുഹര്‍ നിസ്‌കാരം വരെയും തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ ആറു വരെയുമാണ് കൃഷി പരിചരണം.
വിഷരഹിത പച്ചക്കറിയായതിനാല്‍ ആവശ്യക്കാരുടെ തിക്കും തിരക്കുമാണ്. വില പരസ്പരം തൃപ്തിപ്പെട്ട് നല്‍കുന്നത് മാത്രം സ്വീകരിക്കും. അതിനാല്‍ പള്ളിയോട് ചേര്‍ന്നുള്ള മിക്കവരും കുറച്ചുനാളായി പച്ചക്കറിക്കായി അങ്ങാടികളെ ആശ്രയിക്കാറില്ല. പച്ചക്കറിക്കൊപ്പം ഏതാനും ഔഷധ സസ്യങ്ങളും നട്ടു വളര്‍ത്തുന്നുണ്ട്.
സ്വന്തം നാട്ടില്‍ വീട്ടു പരിസരത്തും മുഹമ്മദ് മുസ്ല്യാര്‍ കൃഷി ചെയ്യുന്നുണ്ട്. അവധിക്ക് പോകുമ്പോഴാണ് നാട്ടില്‍ കൃഷിക്ക് സമയം കണ്ടെത്തുന്നത്. സൈനബയാണ് ഭാര്യ. മക്കള്‍ രണ്ട് പെണ്ണും മൂന്ന് ആണുമായി അഞ്ചുമക്കളുണ്ട്. കൃഷിയോടുള്ള താല്‍പര്യവും അതിനുള്ള മനസുമുണ്ടെങ്കില്‍ നമുക്കാവശ്യമുള്ള പച്ചക്കറികള്‍ എവിടെയും ഉണ്ടാക്കാനാവുമെന്ന് മുഹമ്മദ് മുസ്‌ലിയാര്‍ തന്റെ കൃഷിയിലൂടെ തെളിയിക്കുന്നു.