ടി.പി.ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ആഗ്രഹിക്കാതിരുന്ന നേതാവ്: കോടിയേരി

0
1441

വടകര: ആര്‍എംപിഐ നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ക്കാട്ടേരിയില്‍ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പുറത്താക്കിയപ്പോള്‍ മാത്രമാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ചത്. അപ്പോഴും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ബിജെപിയെയും തുറന്നെതിര്‍ത്തയാളാണ് ചന്ദ്രശേഖരന്‍. അന്ന് സിപിഎമ്മിന് വിപ്ലവം പോരെന്ന് പറഞ്ഞാണ് ടിപി ആര്‍എംപി സ്ഥാപിച്ചത്. എന്നാല്‍ അതിന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. ആശയവും സംഘടനയുമില്ലാത്ത വെറും ആള്‍ക്കൂട്ടം മാത്രം. ആര്‍എംപിഐയുടെ സ്‌പോണ്‍സറാണ് ഇന്നത്തെ കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. ഒഞ്ചിയത്ത് അക്രമമാണെന്ന് പറഞ്ഞ് ആര്‍എംപിഐ നടത്തിയ സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് പ്രചാരണം ലഭിക്കാനാണ് തന്റെ മണ്ഡലത്തിലല്ലാതിരുന്നിട്ടും ഒഞ്ചിയത്തെ അക്രമങ്ങളെ കുറിച്ച് പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ആര്‍എംപിഐ തകരുന്നുവെന്ന വെപ്രാളമാണ് പാറക്കല്‍ അബ്ദുള്ളക്കെന്നും കോടിയേരി പറഞ്ഞു. ജനതാദള്‍ പോയപ്പോള്‍ ആരെയെങ്കിലും ലഭിക്കണമെന്ന ചിന്തയിലാണ് യുഡിഎഫ് ആര്‍എംപിക്കുവേണ്ടി വാദിക്കുന്നത്.
സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു. ആര്‍.ഗോപാലന്‍, ഇ.എം.ദയാനന്ദന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.