പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നോട്ടുപുസ്തക പദ്ധതിയുമായി സേവ്

0
294

വടകര: ജില്ലയിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ‘സേവ് നോട്ട് ബുക്ക്’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ ഉം ‘ലവ് ഡെയില്‍ ഫൗണ്ടേഷന്‍’ എന്ന സംഘടനയും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാലയങ്ങള്‍ക്കാണ് സൗകര്യം ലഭിക്കുക. ഇതിനായി ഓരോ സ്‌കൂളിലും തികച്ചും അര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണം ഹെഡ്മാസ്റ്റര്‍ അറിയിക്കണം. ആദ്യ ഘട്ടത്തില്‍ 10 ലക്ഷം നോട്ട് പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ എണ്ണം വര്‍ധിപ്പിച്ച് ഒരുകോടി നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഒരു വശം കൂടി ഈ പദ്ധതിയ്ക്ക് ഉണ്ട്. മരങ്ങള്‍ വെട്ടി പള്‍പ്പാക്കിയാണ് പേപ്പര്‍ നിര്‍മിക്കുന്നത്. മരം മുറിക്കുന്നത് കുറക്കാനുള്ള പ്രായോഗിക രീതി കൂടി അവലംബിക്കുകയാണ് ഇവിടെ. ഇതിനായി ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സ്‌കൂളിലും വിദ്യാര്‍ഥികള്‍ ഉപയോഗിച്ചുകഴിഞ്ഞ നോട്ടുപുസ്തകം ശേഖരിച്ചു ലവ് ഡെയില്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് കൈമാറണം. ഇവ പുനരുപയോഗിക്കുകയാണ് ലക്ഷ്യം. നോട്ട് ബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശേഖരിക്കാം. ഇവ സ്‌കൂളുകളില്‍ സൂക്ഷിച്ചാല്‍ മതി. ലവ് ഡെയില്‍ ഫൗണ്ടേഷന്‍ സംഘടന ചുമതലപ്പെടുത്തിയ വ്യക്തി ഐഡന്റിറ്റി കാര്‍ഡുമായി സ്‌കൂളുകളില്‍ വന്ന് ഇവ കൊണ്ടുപോകും. വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യാനുള്ള നോട്ടുപുസ്തകങ്ങളും ഇതേപോലെ സംഘടന സ്‌കൂളുകളില്‍ എത്തിക്കും.
പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള സ്‌കൂളുകള്‍ മാര്‍ച്ച് 15നകം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോറം വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭ്യമാണ്. മാര്‍ച്ച് 31നകം ഉപയോഗിച്ച നോട്ടുപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ ശേഖരിച്ചു വയ്ക്കണം. ഇങ്ങനെ ശേഖരിച്ച പഴയ നോട്ടുപുസ്തകങ്ങള്‍ ഏപ്രില്‍ 15നകം സ്‌കൂളുകളില്‍നിന്നും കൊണ്ടുപോകുന്നതാണ്. പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ഫോറം പൂരിപ്പിച്ച്, സ്‌കാന്‍ ചെയ്തു save4kerala@gmail.com ലേക്ക് മെയില്‍ ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടാം.