എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും

0
369

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി പരീക്ഷ നാളെ തുടങ്ങും. മാര്‍ച്ച് 28 വരെയാണ് പരീക്ഷ. ഉച്ചക്ക് ശേഷം 1.45നാണ് പരീക്ഷ തുടങ്ങുക. 4,41,103 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ് 2751 പേര്‍ െ്രെപവറ്റായും പരീക്ഷ എഴുതും.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് ഉത്തരം എഴുതാന്‍ പാകത്തില്‍ ഓരോ പാര്‍ടിലും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കുമെന്ന് പരീക്ഷാ കമ്മിഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പറഞ്ഞു. ഓരോ വിഷയത്തിനും എട്ട് സെറ്റ് ചോദ്യങ്ങളാണ് ഇത്തവണ തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇത് നാല് സെറ്റ് ചോദ്യമായിരുന്നു. ചോദ്യപേപ്പര്‍ സെറ്റ് ചെയ്യുന്ന നാലില്‍ മൂന്ന് പേരും ഇത്തവണ വിഷയം പഠിപ്പിക്കുന്ന ഹൈസ്‌കൂള്‍ അധ്യാപകര്‍ തന്നെയാണ്. ഒരാള്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനും ചെയര്‍മാന്‍ കോളജ് അദ്ധ്യാപകനുമാണ്. ഓരോ സെറ്റും രണ്ട് ചോദ്യേപപ്പറുകളാണ് ഇത്തവണ തയാറാക്കിയത് .

2935 പരീക്ഷാ കേന്ദ്രങ്ങള്‍
ഇത്തവണ ആകെ 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഇതില്‍ 1160 സര്‍ക്കാര്‍ സ്‌കൂളുകളിലായി 1,44,999 വിദ്യാര്‍ത്ഥികളും 1433 എയ്ഡഡ് സ്‌കൂളുകളിലായി 2,64,980 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നു. 453 അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 31,118 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും. 2422 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തുന്നത്. കുറവ് കോഴിക്കോട് ബേപ്പൂര്‍ ജി. ആര്‍. എഫ്. ടി. എച്ച്. എസ് ആന്റ് വി.എച്ച്.എസിലും .ആകെ രണ്ട് പേര്‍. ഗള്‍ഫിലെ ഒമ്പത് പരീക്ഷ കേന്ദ്രങ്ങളിലായി 550 പേര്‍ പരീക്ഷ എഴുതും. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളില്‍ 789 വിദ്യാര്‍ഥികളും പരീക്ഷക്കിരിക്കും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറം ആണ്. മലപ്പുറം ജില്ലയില്‍ നിന്ന് 79,741 പേരും വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 26,986 പേരും പരീക്ഷ എഴുതും. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് 2268 പേര്‍. 3279 പേരാണ് ഇത്തവണ ടി. എച്ച്. എസ്. എല്‍. സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2967 ആണ്‍കുട്ടികളും 312 പെണ്‍കുട്ടികളുമാണ്. ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി മൂല്യനിര്‍ണയത്തിനായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനത്തിന് സജ്ജമാകും. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.