വിസ്മയ കാഴ്ചകളൊരുക്കി ശാസ്ത്രയാന്‍ മികവ് പ്രദര്‍ശനത്തിന് തുടക്കം

0
178

കുറ്റ്യാടി: ശാസ്ത്ര നേട്ടങ്ങളുടെ മായാ പ്രപഞ്ചമൊരുക്കി ശാസ്ത്രയാന്‍ മികവ് പ്രദര്‍ശനത്തിന് മൊകേരി ഗവ: കോളജില്‍ തുടക്കമായി. സംസ്ഥാനത്തെ മുപ്പത്തിയഞ്ച് ഗവ: കോളജുകളിലെ പഠന സൗകര്യങ്ങളും ഗവേഷണ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മികവ് എന്ന പേരില്‍ ശാസ്ത്രയാന്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതി റൂസയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ പി.ജി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ: പി.കെ.മീര അധ്യക്ഷത വഹിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഡോ.എല്‍ സമ്മ അറക്കല്‍, റൂസ എസ്.പി, ടി.ജി.അജിത്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കുന്നുമ്മല്‍ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സജിത്ത്, കെ.ടി.രാജന്‍ എന്നിവര്‍ അവാര്‍ഡ് ദാനം നടത്തി. കെ.ശശീന്ദ്രന്‍, പ്രൊഫ: എം.എം.എ.ഖയ്യും, കെ.കുമാരന്‍, കെ.പി.ഷാജി, ജമാല്‍ മൊകേരി, പി.സുരേഷ് ബാബു, നസ്‌റുദീന്‍, പി.പി.ദിനേശന്‍, എ.കെ.വിനീഷ്, എ.പി.പ്രണവ്, ഡോ.അരുണ്‍ലാല്‍, പ്രൊഫ: കെ.കെ.അഷ്‌റഫ് ,പ്രൊഫ: എം.പി. സൂപ്പി, ഡോ: ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു.
ചരിത്രം, ഇംഗ്ലീഷ്, കോമേഴ്‌സ്, ഗണിത ശാസ്ത്രം, പൗരസ്ത്യ ഭാഷാ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന ഗണിത ലാബ്, ഫിലിം ഫെസ്റ്റിവല്‍, ചരിത്ര മ്യൂസിയം, ചിത്രകലാ പ്രദര്‍ശനം, ജി.എസ്.ടി.ശില്‍പശാല എന്നിവ ശാസ്ത്രയാന്റെ ഭാഗമായി നടക്കും.വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് സൗജന്യ പ്രദര്‍ശനം കാണാന്‍ എത്തുന്നത്. പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും