സാന്റ്ബാങ്ക്‌സില്‍ ടൂറിസം തുരുമ്പെടുക്കുന്നു

  0
  514

  വടകര: വിനോദസഞ്ചാര മേഖലയില്‍ കടത്തനാടിന്റെ പ്രതീക്ഷയായ സാന്റ് ബാങ്ക്‌സില്‍ ടൂറിസം തുരുമ്പെടുക്കുന്ന അവസ്ഥ. പ്രകൃതിയുടെ വരദാനമായ ഇവിടെ കോടികള്‍ മുടക്കി നിര്‍മിച്ച ഷെഡുകളും ഇരിപ്പിടങ്ങളും നശിക്കുകയാണ്. രണ്ട് കോടി രൂപ ചെലവിട്ട് നടത്തിയ വികസനപ്രവൃത്തി കൊണ്ട് ഗുണം കമ്മിയാകുന്ന സ്ഥിതി. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സാന്റ്ബാങ്ക്‌സ് കൃത്യമായ പരിചരണമില്ലാത്തതിനാല്‍ നാശത്തിന്റെ പാതയിലാണ് ഇന്ന്.
  കാട് പിടിച്ച് കിടന്നിരുന്ന സാന്റ്ബാങ്ക്‌സ് നവീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായ കാലത്താണ് ടൂറിസം വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിനായി രണ്ടു കോടിയോളം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 95 ലക്ഷം രൂപ ചിലവഴിച്ച് പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടാം ഘട്ടവും ഫണ്ട് നല്‍കിയതനുസരിച്ച് പണി നടന്നെങ്കിലും പിന്നീട് ഒരു പ്രവര്‍ത്തനവും ഉണ്ടായില്ല.
  ആധുനിക രീതിയിലുള്ള റസ്‌റ്റോറന്റും മൂത്രപ്പുരയും കുട്ടികള്‍ക്ക് വേണ്ടി പാര്‍ക്കും നിര്‍മിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. സാന്റ്ബാങ്ക്‌സിന്റെ കിഴക്ക് കെട്ടിടംപണിയുകയും കടലിനോട് ചേര്‍ന്ന ഭാഗത്തായി വഴിവിളക്കിനായി ധാരാളം ഇരുമ്പു തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ തൂണുകളെല്ലാം തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. നടപ്പാതയില്‍ വിരിച്ച ടൈലുകള്‍ പലസ്ഥലത്തും തകര്‍ന്നു കിടക്കുകയാണ്. സന്ദര്‍ശകര്‍ക്ക് വേണ്ടി പണിത ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും വിശ്രമഷെഡുകളും തകര്‍ന്നു. ഇവയൊക്കെ അപകടാവസ്ഥയിലാണ്. പ്രാഥമിക കര്‍മം നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമായാണ് സാന്റ് ബാങ്ക്‌സിനെ ആളുകള്‍ വിശേഷിപ്പിക്കുന്നത്.
  ആഘോഷ ദിവസങ്ങളിലും മറ്റും ആയിരക്കണക്കിന് ആളുകളാണ് ഉല്ലാസത്തിനായി വടകര മുനിസിപ്പാലിറ്റിയുടെ തെക്കു-പടിഞ്ഞാറേ മൂലയിലെ ഇൗ വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈകൊണ്ടിട്ടില്ല. വിശാലമായ കടലോരവും തെങ്ങിന്‍തോപ്പുമൊക്കെയായി മനോഹരമാണ് ഈ തീരം. കടലും പുഴയും ചേരുന്ന ഇവിടെ നട്ടുച്ചക്ക് പോലും കുളിര്‍തെന്നല്‍ വീശുന്നുവെന്ന പ്രത്യേകതയുണ്ട്. വരുന്നവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയാണ് പൊതുവേയുള്ളത്.
  സാന്റ്ബാങ്ക്‌സ് നടത്തിപ്പിന് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജുമായി കൂട്ടിയോജിപ്പിച്ച് കൊണ്ട് ടൂറിസം പാക്കേജ് തയ്യാറാക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. വെള്ളിയാങ്കലുമായി ചേര്‍ന്നു പ്രത്യേക ബെല്‍റ്റ് രൂപീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തിലൊന്നും സമഗ്രമായ ഇടപെടലോ പ്രവര്‍ത്തനങ്ങളോ ഉണ്ടാവുന്നില്ല.
  ആഴമേറിയ പുഴയും ആഞ്ഞടിക്കുന്ന കടലും ചേരുന്ന സാന്റ്ബാങ്ക്‌സില്‍ പലപ്പോഴും അപകടമുണ്ടാവാറുണ്ട്. ആളപായവും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനനുസരിച്ചുള്ള സുരക്ഷാസംവിധാനം വേണ്ടത്രയില്ല. അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ ഒരു ലൈഫ് ഗാര്‍ഡേയുള്ളൂ. ഇതിനൊന്നും അധികാരികളുടെ ഭാഗത്ത് നിന്നു ഗൗരവമായ സമീപനം ഉണ്ടാവുന്നില്ല. ലൈഫ് ഗാര്‍ഡിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ പോലും തയാറാകുന്നില്ലെന്നാണ് മറ്റൊരു പരാതി.
  സമഗ്രമായ വികസനമാണ് സാന്റ്ബാങ്ക്‌സിന്റെ കാര്യത്തില്‍ നാട്ടുകാര്‍ ആഗ്രഹിക്കുന്നത്. കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.വിജയകുമാര്‍ മാസങ്ങള്‍ക്കു മുമ്പ് ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ചരിത്ര പ്രാധാന്യമുള്ള വടകരയില്‍ വെള്ളിയാങ്കല്ല്, പയംകുറ്റിമല, ലോകനാര്‍കാവ്, തച്ചോളി മാണിക്കോത്ത് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി പ്രത്യേക ടൂറിസ്റ്റ് കോറിഡോര്‍ രൂപപ്പെടുത്തണമെന്നാണ് പൊതുവെയുള്ള ആവശ്യം. പക്ഷെ ഏറ്റെടുക്കുന്ന വികസന പദ്ധതികള്‍ പോലും ഫലപ്രദമായി മുന്നോട്ടുപോകുന്നില്ലെന്നതാണ് സാന്റ്ബാങ്ക്‌സിന്റെ കാര്യത്തിലെങ്കിലും കാണുന്നത്.