കുച്ചുപ്പുടിയുമായി അരങ്ങുണര്‍ന്നു

0
359

വടകര: കലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി.സോണ്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. മടപ്പള്ളി ഗവ.കോളജിലെ ആറു വേദികളിലായാണ് മത്സരങ്ങള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങള്‍ക്കു തുടര്‍ച്ചയായി ബുധനാഴ്ച രാവിലെയാണ് മൂന്നു ദിവസത്തെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്.
യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ പി.സുജയുടെ അധ്യക്ഷതയില്‍ നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായതു പോലെയുള്ള അക്രമങ്ങള്‍ കേരളത്തിലെങ്ങും നടക്കുന്ന സ്ഥിതിയാണ്. തങ്ങള്‍ക്കു രൂചിക്കാത്ത കാര്യങ്ങള്‍ പറയുന്നവരെ കൈയേറ്റം ചെയ്യുന്ന പ്രവണത. ഇത് ചിലയിടങ്ങളില്‍ മാത്രമല്ല, രാജ്യത്തെ ബാധിക്കുന്ന സമസ്ത മേഖലയിലും ഇത് സംഭവിക്കുകയാണ്. സമൂഹത്തെ ധ്രൂവീകരിക്കുന്ന അപകടകരമായ സാഹചര്യമാണ് വരുന്നത്. വലിയ രാഷ്ട്രീയ ജാഗ്രതയും സാംസ്‌കാരിക പ്രതിരോധവും ഉത്തരവാദിത്വവും ആവശ്യമായി വന്നിരിക്കുകയാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. പ്രോ.വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ.വത്സരാജ്, മടപ്പള്ളി കോളജ് പ്രിന്‍സിപ്പള്‍ എം.ചിത്രലേഖ, കവി വീരാന്‍കുട്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.ജിനീഷ്, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ടി.ടി.ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂനിവേഴ്‌സിറ്റി യൂനിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് നജ്മു സാഖിബ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.അതുല്‍ നന്ദിയും പറഞ്ഞു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകളിലെ ദേശഭൂപടങ്ങളായ മാച്ചിനാരി, കാരക്കാട്, അറക്കല്‍, കുഞ്ഞിപ്പള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്. കുച്ചുപ്പുടി മത്സരം നടന്ന ഗോസായിക്കുന്നില്‍ നിറഞ്ഞ സദസ് ആസ്വദിക്കാനെത്തിയപ്പോള്‍ ദഫ്മുട്ട് നടന്ന കാരക്കാട് വേദിക്കു മുന്നിലും കാണികളുടെ ബാഹുല്യം അനുഭവപ്പെട്ടു. തിരുവാതിരക്കളി, കേരളനടനം, ശാസത്രീയസംഗീതം, ലളിതഗാനം, കഥകളി സംഗീതം, കാവ്യകേളി, ട്രിപ്പിള്‍ ഡ്രം, ജാസ്, വയലിന്‍, വീണ, ഗിറ്റാര്‍, വെസ്റ്റേണ്‍ മ്യൂസിക് എന്നിവയിലും മത്സരം നടന്നു.