ബി സോണ്‍ കലോത്സവം സര്‍വകലാശാല നേരിട്ട് നടത്തും; തിയതി മാറ്റി

0
382

 

കോഴിക്കോട്: ബി സോണ്‍ കലോത്സവം നേരിട്ട് നടത്താന്‍ കാലിക്കട്ട് സര്‍വകലാശാല തീരുമാനിച്ചു. വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലെ തര്‍ക്കം കാരണമാണ് പ്രോ വൈസ് ചാന്‍സലര്‍ ചെയര്‍മാനായ സമിതിയുടെ നേതൃത്വത്തില്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥിക്ഷേമ ഡീന്‍ പി.വി. വല്‍സരാജ് സമിതിയുടെ കണ്‍വീനറും സിന്‍ഡിക്കറ്റംഗങ്ങളായ കെ.കെ.ഹനീഫ, ശ്യാംപ്രസാദ് എന്നിവര്‍ അംഗങ്ങളുമാണ്. മടപ്പള്ളി ഗവ. കോളജില്‍ തന്നെ കലോത്സവം നടത്തും.
സ്റ്റേജിതര ഇനങ്ങള്‍ അഞ്ച്, ആറ് തിയതികളിലും സ്റ്റേജിനങ്ങള്‍ ഏഴ്, എട്ട്, ഒന്പത് തിയതികളിലും നടത്തും. സ്റ്റേജിതര ഇനങ്ങള്‍ക്ക് നാളെ വൈകുന്നേരം അഞ്ച് വരെയും സ്റ്റേജിനങ്ങള്‍ക്ക് അഞ്ചിന് വൈകുന്നേരം അഞ്ച് വരെയും രജിസ്‌ട്രേഷന്‍ നടത്താം. http://cuunionkalolsavam.com എന്ന വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
സംഘാടകസമിതി ജനറല്‍ കണ്‍വീനറായ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം നജ്മു സാഖിബ് പ്രോഗ്രാം കമ്മറ്റിയുടെയും ജനറല്‍ കണ്‍വീനറാകും. പ്രിന്‍സിപ്പലോ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യുന്ന അധ്യാപകനോ ചെയര്‍മാനാകും.
വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കറ്റംഗങ്ങളായ പ്രഫ. ആര്‍. ബിന്ദു, കെ.കെ. ഹനീഫ, ശ്യാംപ്രസാദ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി. സൂജ, സെക്രട്ടറി മുഹമ്മദലി ഷിഹാബ്, കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് മെംബര്‍ നജ്മു സാഖിബ്, വിദ്യാര്‍ഥിക്ഷേമ ഡീന്‍ പി.വി. വല്‍സരാജ് എന്നിവര്‍ യോഗം ചേര്‍ന്നാണ് തീരമാനമെടുത്തത്.