മാച്ചിനാരി ഒരുങ്ങി; ബി സോണ്‍ കലോത്സവത്തിനു ശനിയാഴ്ച തുടക്കം

0
841

വടകര: കലിക്കറ്റ് സര്‍വകലാശാല ബിസോണ്‍ കലോത്സവം മൂന്നു മുതല്‍ ഏഴ് വരെ മടപ്പള്ളി ഗവ.കോളജില്‍ നടക്കും. പുനത്തില്‍ കുഞ്ഞബ്ദുള്ള നഗറില്‍ 67 ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 110 കോളജുകളില്‍ നിന്നായി മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളിലെ ദേശഭൂപടമാണ് വേദികള്‍ക്ക് നാമകരണം ചെയ്തത്. ‘മാച്ചിനാരി’-, ‘കാരക്കാട്’,- ‘അറക്കല്‍’- ,- ‘കുഞ്ഞിപ്പള്ളി’- ‘ഗോസായിക്കുന്ന് എന്നീ അഞ്ച് വേദികളിലായാണ് മത്സരം. ഫാസിസ്റ്റ് ഭരണകൂടം നടത്തിയ വ്യോമാക്രമണത്തിന്റെ ഭീകരതകള്‍ കോറിയിട്ട പാബ്ലോ പിക്കാസോവിന്റെ ഗോര്‍ണിക്കയുടെ നിത്യ സ്മാരകം അടയാളപ്പെടുത്തുന്ന ‘ഗോര്‍ണിക്ക ബിസോണ്‍-2018’- എന്നാണ് കലാ മാമാങ്കത്തിന് നാമകരണം ചെയ്തത്. മൂന്ന്, നാല് തിയതികളില്‍ സ്‌റ്റേജിതര മത്സരവും ശേഷം സ്‌റ്റേജ് മത്സരങ്ങളും നടക്കും.
സര്‍വകലാശാല ചട്ടപ്രകാരം നിയമാവലികള്‍ പൂര്‍ണമായി പാലിച്ചാണ് മടപ്പള്ളിയില്‍ ബിസോണ്‍ സംഘടിപ്പിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. നേരത്തെ നാലു കോളജുകളില്‍ നിന്ന് വന്ന അപേക്ഷകള്‍ പരിശോധിച്ച് അടിസ്ഥാന സൗകര്യം കൊണ്ടും വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും സ്വീകാര്യമായത് മടപ്പള്ളി ഗവ. കോളേജാണെന്ന് യൂണിയന്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് ബി സോണിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ലെന്ന മട്ടില്‍ വ്യാജ ഇ-മെയില്‍ പ്രചാരണങ്ങള്‍ നടത്തി വിദ്യാര്‍ഥികളുടെ ഭാവി പന്താടാനാണ് ചില കേന്ദ്രങ്ങളുടെ നീക്കം. എന്നാല്‍ മടപ്പള്ളി കോളേജില്‍ നടന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നത് കലോത്സവത്തിന് വന്‍ പങ്കാളിത്തമുണ്ടാകുമെന്നതാണ്.
നേരത്തെ ചില ബി സോണ്‍ കലോത്സവങ്ങള്‍ ബസ്‌സ്റ്റാന്റിലും മാര്‍ക്കറ്റുകളിലും നടത്തി നിലവാര തകര്‍ച്ചയുണ്ടാക്കിയ ചരിത്രം പൊതുസമൂഹം കണ്ടതാണ്. മുഴുവന്‍ വിദ്യാര്‍ഥികളുടെയും കോളജ് അധികൃതരുടെയും സഹകരണം ബി സോണിന്റെ വിജയത്തിന് ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ലിന്റോ ജോസഫ്, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ പി.സുജ, പ്രോഗ്രാം കമ്മിറ്റി ജോ.കണ്‍വീനര്‍ കെ.കെ.വിജിത്ത്, പി.അതുല്‍ എന്നിവര്‍ പങ്കെടുത്തു.