അറവുശാലയിലെ മാലിന്യം പരിസരത്ത് തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു

0
808

വടകര: മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ വടകര ജെ.ടി.റോഡില്‍ രൂപീകരിച്ച പൗരസമിതി സമരം ശക്തമാക്കുന്നു. ഇവിടെയുള്ള അറവുശാലയിലെ മാലിന്യം പരിസരത്ത് തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു.
അറവുശാലയിലെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം പരിസരത്ത് തന്നെ തള്ളുന്നത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് പൗരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്. ആടുമാടുകളെ കശാപ്പ് ചെയ്തതിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ അറവുശാലയിലെ കുഴിയിലാണ് നിക്ഷേപിക്കാറ്. ശാസ്ത്രീയ സംവിധാനമില്ലാത്ത അറവുശാലകള്‍ക്കെതിരെ പിടിവീഴുമെന്ന കാരണത്താല്‍ ഒരു മാസമായി അറവുശാല അടച്ചിട്ടിരിക്കുകയാണ്. ഇത് വീണ്ടും തുറക്കുന്നതിനു വേണ്ടിയാണ് ഇവിടത്തെ ടാങ്കിലെ മാലിന്യം പുറത്തെടുത്ത് സമീപത്ത് തന്നെ കുഴിയുണ്ടാക്കി നിക്ഷേപിക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചത്. ഇതാണ് പൗരസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. മാലിന്യം ഇവിടെ തന്നെ തള്ളാന്‍ അനുവദിക്കില്ലെന്നും അറവുശാല ശാസ്ത്രീയമായി നവീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ അധികൃതരും നാട്ടുകാരും തമ്മില്‍ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. പോലീസിനെ വിളിച്ചെങ്കിലും രംഗം വഷളാവുമെന്നു കണ്ട് അധികൃതര്‍ പിന്മാറുകയായിരുന്നു.
മതിയായ ശുചിത്വ പരിപാലനമില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലക്കെതിരെ നാട്ടുകാര്‍ എത്രയോ കാലമായി സമരമുഖത്താണ്. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ പിടിയിലാണ് പരിസരം. വീട്ടുകാരും സമീപത്തെ വ്യാപാരികളും നാറ്റം സഹിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതിനു പരിഹാരം കാണാതിരിക്കുമ്പോള്‍ തന്നെയാണ് തൊട്ടടുത്ത് ജെടി റോഡില്‍ പഴയ ലവല്‍ക്രോസിനു സമീപം മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്നത്. ഇതിനെതിരെ രൂപീകരിച്ച പൗരസമിതി അറവുശാലയില്‍ നിന്നു തള്ളുന്ന മാലിന്യത്തിനെതിരെയും ശക്തമായ സമരം ആരംഭിച്ചിരിക്കുകയാണ്.
കെ.അനസ്, ബഷീര്‍, യുനുസ്, സവാദ്‌വടകര, റമീസ്, അന്‍സര്‍, തിലകന്‍, അന്‍സിര്‍, അശ്‌റഫ്, ഉണ്ണി, ഫിറോസ്, ആസിഫ എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.