തളീക്കരയില്‍ മന്ത് പരക്കുന്നു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

0
487

കുറ്റിയാടി: കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ മന്ത് രോഗം പിടിപെട്ടവരെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് മന്തും മലമ്പനിയുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആറ് പേര്‍ക്ക് മന്ത് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശികളാണ് ഇവര്‍.
തളീക്കരയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം പിടിപെട്ടത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ നാട്ടിലേക്ക് മടങ്ങിയതായാണ് സൂചന. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗ പ്രതിരോധ ഗുളികള്‍ വിതരണം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും നടത്തിവരുന്നുണ്ട്.
തീരമേഖലയില്‍ കാണപ്പെടുന്ന മന്ത് രോഗം മലയോര പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യ പ്രവര്‍ത്തകരുടെ പിടിപ്പുകേടുകൊണ്ടാണെന്ന പരാതി ശക്തമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാവാത്തും രോഗം പടരുന്നതിന് ഇടയാക്കുന്നുണ്ട്. മൂന്നും നാലും പേര്‍ക്ക് മാത്രം താമസിക്കാവുന്ന കുടുസു മുറികളില്‍ പത്തോളം പേരെ പാര്‍പ്പിക്കുന്നതും ഇവര്‍ക്കാവശ്യമായ സൗകര്യം ഒരുക്കാന്‍ ഉടമകള്‍ തയ്യാറാവാത്തതും നേരത്തെ തന്നെ അധികൃതര്‍ അറിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുറ്റിയാടി, തളീക്കര, ദേവര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ യാതൊരു സൗകര്യവുമില്ലാത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നുണ്ട്. ഇത്തരം കെട്ടിടങ്ങളിലാവട്ടെ ആവശ്യത്തിന് വായു സഞ്ചാരമോ ശുചിമുറികളോ കുടിവെള്ള സൗകര്യമോ ഇല്ല.
രോഗം പിടിപെട്ടാല്‍ ചികിത്സിക്കാത്തതും രോഗം മറച്ചുവെക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. ഈ മേഖലയിലെ പല സ്ഥാപനങ്ങളിലും സുരക്ഷമാനദണ്ഡങ്ങളില്ലാതെ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ ഹെല്‍ത്ത് കാര്‍ഡുപോലും പലതൊഴിലാളികള്‍ക്കുമില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ ആരോഗ്യ പരിശോധന നടത്താനുള്ള സംവിധാനം അധികൃതര്‍ സ്വീകരിക്കാത്തതാണ് പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മന്ത് സ്ഥിരീകരിച്ച തളീക്കരയില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ആരോഗ്യ വകുപ്പധികൃതരും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു. എണ്ണൂറോളം പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ക്കുടി പ്രതിരോധ പ്രവര്‍ത്തനം നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.