മേമുണ്ടയുടെ കലാപ്രതിഭകള്‍ക്ക് നാടിന്റെ വരവേല്‍പ്

0
741

 

വടകര: കോഴിക്കോട് ജില്ലയുടെ കലാകിരീടത്തിന് 75 പോയിന്റുകള്‍ സംഭാവന ചെയ്ത് ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിച്ച മേമുണ്ട ഹയര്‍ സെക്കന്റി സ്‌കൂളിലെ കലാപ്രതിഭകള്‍ക്ക് നാടിന്റെ വരവേല്‍പ്. വടകര നഗരത്തിലും മേമുണ്ടയിലും വിദ്യാര്‍ഥികള്‍ക്കു പൗരസ്വീകരണം നല്‍കി.
ജില്ലയിലും സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വിദ്യാലയങ്ങളില്‍ ഒന്നായി മാറിയ മേമുണ്ട സംസ്ഥാന കലോത്സവത്തില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി നാടകം, പൂരക്കളി, ദഫ്മുട്ട്, ദേശഭക്തിഗാനം, കഥാപ്രസംഗം, കഥകളി സംഗീതം, മലയാള പ്രസംഗം, അഷ്ടപദി, ഓട്ടന്‍തുള്ളല്‍, ലളിതഗാനം, വീണ, ഇംഗ്ലീഷ് സ്‌കിറ്റ്, ശാസ്ത്രീയ സംഗീതം, ഉറുദു ക്വിസ് എന്നിങ്ങനെ 15 ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കി.
മലയാള നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മേമുണ്ടയിലെ ഒന്‍പതാം തരം വിദ്യാര്‍ഥി അഷിനാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത അന്നപ്പെരുമ എന്ന നാടകത്തില്‍ ബംഗാളി യുവാവിന്റെ വേഷമാണ് അഷിന്‍ ചെയ്തത്. നാടകം പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. പൂരക്കളിയില്‍ തുടര്‍ച്ചയായി ഇരുപതാം വര്‍ഷമാണ് ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ മേമുണ്ട സംസ്ഥാനത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്നത്.
പൗരസ്വീകരണം വടകര എംഎല്‍എ സി.കെ നാണു ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍, പി.ടി.എ പ്രസിഡന്റ് എം.ഭാസ്‌കരന്‍, പ്രിന്‍സിപ്പള്‍ പി.കെ.കൃഷ്ണദാസ്, ഹെഡ്മാസ്റ്റര്‍ ടി.വി.രമേശന്‍, മാനേജര്‍ ടി.വി.ബാലകൃഷ്ണന്‍ നമ്പ്യാര്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, കലാപ്രതിഭകള്‍, അധ്യാപകര്‍, ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ വര്‍ണശഭളമായ ഘോഷയാത്രയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികളെ അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് സ്വീകരിച്ച് നഗരവീഥിയിലൂടെ ആനയിച്ചു.

NIY_3843