സംഗീതത്തില്‍ തിളങ്ങി ഹരികുമാര്‍

  0
  1029

  വടകര: ‘സഖാവിന്റെ പ്രിയസഖി’ എന്ന സിനിമ യുവസംഗീതസംവിധായകന്‍ ഹരികുമാര്‍ ഹരേറാമിനു വഴിത്തിരിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച റിലീസായ ഈ സിനിമയിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. ഏറെ കാലത്തെ പരിശ്രമത്തിനൊടുവിലാണ് വടകര കുട്ടോത്ത് സ്വദേശിയായ ഈ യുവപ്രതിഭ സിനിമയുടെ ലോകത്ത് ചുവടുറപ്പിച്ചിരിക്കുന്നത്.
  സിദ്ദീഖ് താമരശേരി സംവിധാനം ചെയ്ത സഖാവിന്റെ പ്രിയസഖിയില്‍ ആറു പാട്ടുകള്‍ക്ക് ഹരികുമാര്‍ സംഗീതം നല്‍കിയിട്ടുണ്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ രക്തസാക്ഷിയുടെ വിധവയുടെ ജീവിതം പ്രമേയമാക്കിയ സിനിമയില്‍ ഹരികുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചതിനു പുറമെ ഒരു തീം സോംഗ് പാടുകയും ചെയ്തു. റഫീക്ക് അഹമ്മദും ആലങ്കോട് ലീലാകൃഷ്ണനും രചിച്ച മറ്റു ഗാനങ്ങള്‍ എം.ജി.ശ്രീകുമാര്‍, മൃദുലവാര്യര്‍, ദേവാനന്ദ്, സതീഷ് ചെരണ്ടത്തൂര്‍, ശ്രീലക്ഷ്മി, ശ്വേത എന്നിവര്‍ പാടി. പാട്ടുകള്‍ക്കെല്ലാം മികച്ച അഭിപ്രായം. തീംസോംഗിന്റെ രചന നിര്‍വഹിച്ചതും ഹരികുമാര്‍ തന്നെ.
  ടൈറ്റില്‍ സോംഗ് ഉള്‍പെടെ എം.ജി.ശ്രീകുമാര്‍ ആലപിച്ച രണ്ടു ഗാനങ്ങളും സതീഷ് ചെരണ്ടത്തൂരും ശ്രീലക്ഷ്മിയും ചേര്‍ന്ന് പാടിയ വിപ്ലവഗാനവും വേറിട്ടുനില്‍ക്കുന്നു. ആലങ്കോട് ലീലാകൃഷ്ണന്റെ വരികള്‍ക്ക് ഹരികുമാര്‍ ഈണം പകര്‍ന്ന് എം.ജി. ശ്രീകുമാറിന്റെ ശബ്ദമാധുര്യം കൊണ്ട് സുന്ദരമായ ”അകലെ ഉയരുന്നു വീണ്ടും” എന്ന ഗാനത്തിന് സിനിമയുടെ സംവിധായകന്‍ സിദ്ദീഖ് താമരശേരി അതിനേക്കാള്‍ സുന്ദരമായ ദൃശ്യാവിഷ്‌കാരം നല്‍കിയപ്പോള്‍ ആസ്വാദനരസം ഇരട്ടിയായി. മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഗാനരചയിതാവ് റഫീക്ക് അഹമ്മദിന്റെ തൂലികയില്‍ വിരിഞ്ഞ അതുല്യമായ വരികള്‍ക്ക് ഹരികുമാറിന്റെ അനശ്വര സംഗീതത്തില്‍ മൃദുല വാര്യര്‍ എന്ന അനുഗ്രഹീത ഗായികയുടെ ശബ്ദമാധുര്യവും കൂടി ചേര്‍ന്നപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മെലഡികളില്‍ ഒന്നാണെന്ന അഭിപ്രായമാണ് ഉയരുന്നത്. സഖാവിന്റെ പ്രിയസഖി എന്ന സിനിമയും ഇതിലെ ഗാനങ്ങളും ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയതില്‍ ആഹ്ലാദഭരിതനാണ് ഈ യുവ സംഗീത സംവിധായകന്‍.
  സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം പകരുക എന്നത് ഹരികുമാറിന്റെ വലിയ മോഹമായിരുന്നു. സംവിധായകന്‍ സിദ്ദീഖ്താമരശേരിയുമായുള്ള പരിചയം ഈ വഴി തുറന്നുകിട്ടി. സംഗീതത്തോടുള്ള അഭിരുചി കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. ഇതോടൊപ്പം കവിതാരചനയിലും തിളങ്ങിയ ഹരികുമാര്‍ ആകാശവാണിയില്‍ ദേശഭക്തി ഗാനങ്ങള്‍ രചിക്കുകയും പാടുകയും ചെയ്തു. ഒപ്പം ആല്‍ബങ്ങളും ഒരുക്കി. സംഗീതപ്രതിഭ തലശേരി ബാലന്‍മാഷിന്റെ ശിഷ്യനായ ഇദ്ദേഹം പാലക്കാട് സംഗീതകോളജില്‍ നിന്ന് ഗാനഭൂഷണവും തമിഴ്‌നാട്ടില്‍ നിന്ന് തുടര്‍പഠനവും പൂര്‍ത്തിയാക്കിയാണ് സംഗീത രംഗത്ത് ചുവടുറപ്പിക്കുന്നത്.
  ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ശേഷം സിനിമയിലേക്ക് കളംമാറിയ ഹരികുമാര്‍ ആദ്യ ദൗത്യം ഭംഗിയായി നിറവേറ്റി. സിദ്ദീഖ് താമരശേരിയുടെ ഈ കണ്ടെത്തല്‍ മലയാള സിനിമക്ക് തീര്‍ച്ചയായും ഒരു മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല. ഇദ്ദേഹത്തില്‍ നിന്ന് ഒരുപാട് ഹിറ്റുകള്‍ പിറവിയെടുക്കട്ടെയെന്ന ആഗ്രഹമാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പുതിയ ഓഫറും ഹരികുമാറിനെ തേടിയെത്തി. ദിനേഷ് ഗോപന്‍ എന്ന യുവ സംവിധായകന്റെ തത്ത എന്ന ചിത്രത്തിന് ഹരികുമാറാണ് സംഗീത സംവിധാനം ചെയ്യുന്നത്. ഇതിന്റെ തയാറെടുപ്പിലാണ് ഇദ്ദേഹം.
  സംഗീത സംവിധാന രംഗത്ത് പുത്തന്‍ പ്രതീക്ഷയായ ഹരികുമാര്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ പത്മനാഭന്റെയും പാര്‍വതിയുടെയും മകനാണ്. ഹോമിയോ ഡോക്ടര്‍ രേഖയാണ് ഭാര്യ.