റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അഞ്ജിമ ഡല്‍ഹിയിലേക്ക്

0
456

 

പേരാമ്പ്ര: ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ മൂന്ന് ചുണക്കുട്ടികളില്‍ ഒരാള്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററിയിലെ ഡി. അഞ്ജിമ. കോഴിക്കോട് ജില്ലയില്‍ മാത്രം 6500 സേവന സന്നദ്ധരായ വളണ്ടിയര്‍മാരുള്ള നാഷണല്‍ സര്‍വ്വിസ് സ്‌കീം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി യൂണിറ്റിന്റെ വളണ്ടിയര്‍ ലീഡറാണ് അഞ്ജിമ. ജില്ല, റീജണല്‍, സംസ്ഥാന തലങ്ങളിലെ െതരഞ്ഞെടുപ്പുകള്‍ക്ക് pppശേഷം സൗത്ത് ഇന്ത്യാ തല മത്സരശേഷമാണ് അഞ്ജിമക്ക് ഈ അസുലഭ അവസരം ലഭിക്കുന്നത്. കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി ചെങ്കോട്ടയിലെ രാജവീഥികളില്‍ പരേഡിന്റെ ഭാഗമാവുമ്പോള്‍ പേരാമ്പ്രയെന്ന മലയോര ഗ്രാമവിദ്യാലയത്തിനും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നാടിനും അത് അഭിമാന നിമിഷമാവുകയാണ്.
പഠനത്തിലെന്ന പോലെ നൃത്തത്തിലും മറ്റുകലകളിലും മികവു കാട്ടുന്ന ഈ മിടുക്കി നാലു വര്‍ഷമായി സംസ്ഥാന കലോത്സവത്തിലെ സാന്നിധ്യമാണ്. നാലു വര്‍ഷം തിരുവാതിരയിലും രണ്ടു വര്‍ഷം ബാന്റ് മേളത്തിലും കോഴിക്കോടിന്റെ സംഘത്തില്‍ അഞ്ജിമയുണ്ട്. ഇപ്പോള്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കേണ്ടിയിരുന്ന അഞ്ജിമക്ക് ഡല്‍ഹിയിലെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഒഴിവാകുകയായിരുന്നു.
പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് വിമുക്ത ഭടനായ ദാമോദരന്റെയും ശോഭനയുടെയും മകളായ അഞ്ജിമ പരിശീലന പരിപാടികള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചു കഴിഞ്ഞു. റിപ്പബ്ലിക് ദിന പരേഡിനു ശേഷം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സാംസ്‌കാരിര പരിപാടിയിലും ്അഞ്ജിമ പങ്കെടുക്കും.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി ഓരോ വളണ്ടിയര്‍മാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുണ്ടാവുന്നത് അഭിമാനമാണെന്ന് എന്‍.എസ്.എസ് ജില്ല കോഡിനേറ്റര്‍ എസ്. ശ്രീചിത്ത് പറഞ്ഞു.