പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: ആര്‍എംപിഐ

0
480

 

വടകര: ഒഞ്ചിയം മേഖലയില്‍ സിപിഎം നടത്തി വരുന്ന നിരന്തര അക്രമങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം വീണ്ടും കക്കാട് ടി.പി സ്മാരക വായനശാലയ്ക്ക് നേരെ നടന്ന കരി ഓയില്‍ പ്രയോഗമെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി. ഇത്തരം അക്രമങ്ങളില്‍ നിന്ന് സിപിഎം പിന്‍ വാങ്ങണമെന്നും പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും ആര്‍എംപിഐ ഒഞ്ചിയം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. ടി.പി സ്മാരക വായനശാല അഞ്ചാം തവണയാണ് ആക്രമിക്കപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തില്‍ പൂര്‍ണമായും തകര്‍ത്ത വായനശാല ഈയിടെയാണ് നാട്ടുകാര്‍ പുതുക്കി പണിതത്. വായനശാല സെക്രട്ടറിയുടെ കാറും ഇതിനിടയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിരന്തരമായ അക്രമം നടത്തുന്ന പ്രതികളെ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയിട്ടും അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാവുന്നില്ല. ഒഞ്ചിയം സ്‌കൂള്‍ ഭാഗത്ത് പാര്‍ട്ടി കൊടിമരവും പ്രചാരണവും തകര്‍ക്കപ്പെട്ടിരിക്കുന്നു. സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ആയുധശേഖരം കണ്ടെത്തുന്നത് പതിവാകുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് അക്രമം പെരുകാന്‍ കാരണം. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്നും പൊലിസ് ജാഗ്രത പാലിക്കണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.