കല്ലേരി ക്ഷേത്രത്തില്‍ 10 കോടി ചെലവില്‍ ഓഡിറ്റോറിയം; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

0
4311

വടകര: ഈശ്വര ആരാധനയോടൊപ്പം സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ പത്ത് കോടി ചെലവിട്ട് നിര്‍മിച്ച ഓഡിറ്റോറിയവും വിവാഹ മണ്ഡപവും ഉദ്ഘാടന സജ്ജമായി. നാളെ (വ്യാഴം) ഉച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവ നാടിനു സമര്‍പിക്കും. ക്ഷേത്രവരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി നീക്കിവെക്കുന്ന കല്ലേരി ക്ഷേത്രകമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ആരാധനാലയങ്ങള്‍ മനുഷ്യസ്‌നേഹവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കേണ്ട വിളനിലമായിരിക്കണമെന്നതിന് നല്ല ഉദാഹരണമാണ് ഈ ക്ഷേത്രം. നിര്‍ധനരോഗികള്‍ക്കുള്ള ധനസഹായം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള ധനസഹായം, ആരോഗ്യ ചികിത്സാകേന്ദ്രം, ആയുര്‍വേദ മരുന്ന് നിര്‍മാണകേന്ദ്രം, വായനശാല-ഗ്രന്ഥാലയ പ്രവര്‍ത്തനം, നിര്‍ധനര്‍ക്കുള്ള റേഷന്‍ സഹായപദ്ധതി തുടങ്ങി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് ക്ഷേത്രകമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയം നിര്‍മിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാവും. യുഎല്‍സിസി ചെയര്‍മാന്‍ പാലേരി രമേശന്‍, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി.ചെറിയേക്കന്‍, ക്ഷേത്രഭരണസമിതി മുന്‍പ്രസിഡന്റ് എം.പി.അനന്തന്‍ എന്നിവരെ ആദരിക്കും. വൈകിട്ട് 4.30ന് ചേരുന്ന സാംസ്‌കാരികസമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. യു.കെ.കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് സിനിമാ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള അരങ്ങേറും.