ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് ഇംഗ്ലീഷ് അധ്യാപകന്റെ മലയാളം പതിപ്പ്

0
624

വടകര: ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനു മലയാളം പതിപ്പുമായി ഇംഗ്ലീഷ് അധ്യാപകന്‍. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ വടയക്കണ്ടി നാരായണനാണ് ‘സേവന സാക്ഷ്യപത്രം’ എന്ന പേരില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് മലയാളം ബദല്‍ രൂപകല്‍പന ചെയ്തത്.
നിലവില്‍ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ നടക്കുന്ന സ്‌കൂള്‍ മേളകള്‍ക്കെല്ലാം നല്‍കുന്ന ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്ലിഷിലാണ്. ഭരണ ഭാഷയായി മലയാളത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയത്തിന് യോജിക്കുംവിധം ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് അനുയോജ്യമായ മലയാളം പതിപ്പ് വളരെ ലളിതമായി

വടയക്കണ്ടിനാരായണന്‍
വടയക്കണ്ടിനാരായണന്‍

കണ്ടെത്തുകയായിരുന്നു നാരായണന്‍. ഏതു വകുപ്പിലും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്.
കലാമേളകളില്‍ ഇംഗ്ലീഷ്, മലയാളം പദങ്ങള്‍ കൂട്ടിക്കുഴച്ചു നടത്തുന്ന അനൗണ്‍സ്‌മെന്റുകള്‍ക്കു പകരം മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ചു ള്ള ‘അനുഖ്യാതി’ നടത്തി ശ്രദ്ധേയനായിരുന്നു നാരായണന്‍. 25 വര്‍ഷമായി സംസ്ഥാന കലോല്‍സവം ഉള്‍പെടെ വിവിധ മേളകളില്‍ ഈ സേവനം ചെയ്തു വരുന്നുണ്ട് അദ്ദേഹം. അടുത്തകാലത്തായി പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ എഴുതാന്‍ അനുവദിക്കണമെന്ന ഐക്യ മലയാള പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. ഇത് വിജയംകണ്ടു.
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന സേവന സാക്ഷ്യപത്രം രൂപകല്‍പന ചെയ്ത് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് നാരായണന്‍. പേരാമ്പ്രയില്‍ നടക്കുന്ന കലോത്സവത്തിന് ഇത് ഉപയോഗപ്പെടുത്തും എന്നാണ് പ്രതീക്ഷ.