കൈനാട്ടിയില്‍ സിപിഎമ്മിന്റെ ശക്തിപ്രകടനം

0
1221

വടകര: സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിനു സമാപനം കുറിച്ച് കൈനാട്ടിയില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവും നടന്നു. പ്രകടനത്തോടൊപ്പം മുന്നേറിയ റെഡ് വളണ്ടിയര്‍ മാര്‍ച്ച് ആവേശമായി.
ഒഞ്ചിയം, കുന്നുമ്മക്കര, അഴിയൂര്‍, ചോമ്പാല, ഓര്‍ക്കാട്ടേരി, ഊരാളുങ്കല്‍, വൈക്കിലശേരി, ചോറോട് ലോക്കലുകളിലെ റെഡ് വളണ്ടിയര്‍മാര്‍ നാദാപുരംറോഡില്‍ നിന്നാണ് പൊതുസമ്മേളന വേദിയായ കൈനാട്ടിയിലെ വി.വി.ദക്ഷിണാമൂര്‍ത്തി നഗറിലേക്കു മാര്‍ച്ച് ചെയ്തത്. വടക്കന്‍ മേഖലയിലെ ബഹുജന പ്രകടനവും ഇതോടൊപ്പം നീങ്ങി. വള്ളിക്കാട് കേന്ദ്രീകരിച്ചും പ്രകടനം നടന്നു. ഓര്‍ക്കാട്ടേരി, വൈക്കിലശേരി, കുന്നുമ്മക്കര ലോക്കലുകളിലെ ബഹുജനങ്ങള്‍ ഇവിടെ അണിചേര്‍ന്നു. ചോറോട് ലോക്കലിലെ പ്രകടനം കെഎസ്ഇബി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. മൂന്നു പ്രകടനങ്ങളും കൈനാട്ടിയില്‍ സംഗമിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയാറാവണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. അതിനനുസരിച്ചുള്ള സഹായവും സംസ്ഥാനത്തിന് നല്‍കണം. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ സംസ്ഥാനത്തിനൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും അല്ലാതെ അത് രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.പി.ബിനീഷ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കു കോടിയേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.സതീദേവി, എന്‍.സുകന്യ, ആര്‍.ഗോപാലന്‍, ഇ.എം.ദയാനന്ദന്‍, കെ.കെ.കൃഷ്ണന്‍, വി. ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

s