വടകരയില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു, ജനം ഭീതിയില്‍

0
4765

വടകര: ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ തീരപ്രദേശങ്ങള്‍ ജാഗ്രതയില്‍. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോയില്ല. വടകരയില്‍ പുറങ്കരയിലും മുകച്ചേരി ഭാഗത്തും ആവിക്കലും ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുന്നത് ഭീതി പരത്തി.
തീരത്തു നിന്ന് 500 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ് കാറ്റിന്റെ ഗതി. മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ മത്സ്യബന്ധന വള്ളങ്ങളോ, ബോട്ടുകളോ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മറ്റ് ഭാഗങ്ങളില്‍നിന്നുളള മത്സ്യബന്ധന യാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.
ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ കടല്‍ പ്രക്ഷുബ്ധമാവുമെന്നാണ് മുന്നറിയിപ്പ്. വടകരയുടെ ചിലഭാഗങ്ങളില്‍ ശക്തിയേറിയ തിരമാലകള്‍ ആഞ്ഞടിക്കുന്നുണ്ട്. ചില സ്ഥലത്ത് കടല്‍ കുറെ ദൂരം ഉള്‍വലിഞ്ഞ പ്രതിഭാസം അനുഭവപ്പെട്ടു. ഇത് കടലാക്രമണം ശക്തമാക്കുമെന്നു കരുതുന്നു.
കടലോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍ മൈക്ക് സന്ദേശം നടത്തിയിരുന്നു. വേണ്ടിവന്നാല്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാനും അധികൃതര്‍ തയാറെടുപ്പു നടത്തി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ജനങ്ങള്‍ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിവൈഎസ്പി ടി.പി.പ്രേംരാജ് മാധ്യമങ്ങളോട് പറഞ്ഞു. അഴിത്തലയില്‍ നാട്ടുകാരുടെ യോഗം വിളിച്ച് ചേര്‍ത്ത ഡിവൈഎസ്പി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.
അധികൃതരും ജനനേതാക്കളും നല്‍കുന്ന സാന്ത്വന വാക്കുകള്‍ തീരപ്രദേശത്തുള്ളവരില്‍ ആശ്വാസം പകരുന്നുണ്ടെങ്കിലും എന്താണ് സംഭവിക്കുക എന്നറിയാതെ ഉല്‍ക്കണ്ഠയിലാണ് കുടുംബങ്ങള്‍. ഇവര്‍ അക്ഷമരായാണ് ഓരോ നിമിഷവും കഴിയുന്നത്. ഞായറാഴ്ച വൈകുന്നേരം വരെ ഈ സ്ഥിതിയുണ്ടാവുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമുള്ളതിനാല്‍ ഇനിയും മണിക്കുറുകള്‍ ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണ് കടലോരത്ത്.