പൊതുവാഹനങ്ങളിലെ സ്ത്രീ സുരക്ഷ: ജാഗ്രത പാലിക്കാന്‍ ഡ്രൈവര്‍മാര്‍ക്കു ക്ലാസ്

0
276

വടകര: പൊതുവാഹനങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കായി വടകരയില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ട്രാഫിക് പോലീസ് നടത്തിയ ക്ലാസ് റൂറല്‍ എസ്പി എം.കെ.പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് വിട്ടുവീഴ്ചക്കില്ലെന്ന് എസ്പി പറഞ്ഞു. സ്ത്രീകളുടെ തുല്യാവകാശങ്ങളും മാന്യമായ പെരുമാറ്റവും ഉറപ്പിക്കുന്നതിനു ശരിയായ അവബോധം വേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ കേരള പോലീസ് വിവിധ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായി എസ്പി പറഞ്ഞു.
കൊപ്രഭവനില്‍ ഡിവൈഎസ്പി ടി.പി.പ്രേംരാജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.പി.ബിന്ദു, വനിതാ സെല്‍ എസ്‌ഐ സി.ഭാനുമതി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രാഫിക് എസ്‌ഐ എം.എം.സുദര്‍ശനകുമാര്‍ പരിശീലന ക്ലാസെടുത്തു. പൊതുവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത യാത്ര ചെയ്യുന്നതിനും ഇപ്പോള്‍ അനുഭവപ്പെടുന്ന ശല്യപ്പെടുത്തലുകള്‍ ഇല്ലാതാക്കുന്നതിനും ഡ്രൈവര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മുഖ്യപങ്ക് വഹിക്കാന്‍ കഴിയുമെന്ന് സുദര്‍ശനകുമാര്‍ പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.മധുസൂദനന്‍ സ്വാഗതവും ട്രാഫിക് എസ്‌ഐ എം.ടി.ദിവാകരന്‍ നന്ദിയും പറഞ്ഞു.