പ്രീ പെയ്ഡ് വൈദ്യുതി വരുന്നു

0
449

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് മാതൃകയില്‍ പ്രീ പെയ്ഡ് കൂപ്പണ്‍ വാങ്ങി വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന പദ്ധതി വരുന്നു. വൈദ്യുതി ഉപയോഗത്തിന് ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സംവിധാനം ഏര്‍പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ പ്രേരിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും പ്രീ പെയ്ഡ് സംവിധാനം ആദ്യം വരിക.
കെഎസ്ഇബി ഓഫീസുകള്‍ വഴിയും തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലും വൈദ്യുതി പ്രീപെയ്ഡ് റീച്ചാര്‍ജ് കൂപ്പണ്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. നൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള കാര്‍ഡുകള്‍ ലഭ്യമാക്കും. ഇത് വരുന്നതോടെ ബില്ലിംഗോ വൈദ്യുതി വിഛേദിക്കലോ സംഭവിക്കില്ല. കാര്‍ഡ് തീര്‍ന്നാല്‍ വൈദ്യുതിയും നിലക്കുമെന്ന് മാത്രം. വീണ്ടും റീ ചാര്‍ജ് കൂപ്പണെടുത്ത് ചാര്‍ജ് ചെയ്താല്‍ വൈദ്യുതി ലഭിച്ചു തുടങ്ങും.
പദ്ധതി നടപ്പാക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഏറെ വേണ്ടി വരും. ഇക്കാരണത്താല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള മീറ്ററുകള്‍ മാറ്റി ചിപ്പ് ഘടിപ്പിച്ച പുതിയ മീറ്ററുകള്‍ സ്ഥാപിക്കണം. ഇലക്‌ട്രോണിക് സര്‍ക്യൂട്ട് സംവിധാനത്തിലാണ് ചിപ്പ് പ്രവര്‍ത്തിക്കുക. മീറ്ററുകളില്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്ത് ഉപയോഗിക്കും വിധമാകും സംവിധാനം.
ഇത് ഉപഭോക്താക്കള്‍ക്കും വൈദ്യുതി ബോര്‍ഡിനും ഏറെ സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രീ പെയ്ഡ് കൂപ്പണ്‍ ആയതിനാല്‍ ഉപഭോക്താക്കള്‍ വളരെ സൂക്ഷിച്ചു മാത്രമേ വൈദ്യുതി ഉപയോഗിക്കുകയുള്ളൂ.
തങ്ങളുടെ പ്രീ പെയ്ഡ് തുകയില്‍ നിന്ന് ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറഞ്ഞു വരുന്നത് മനസിലാക്കാന്‍ കഴിയും. വീണ്ടും ഉടന്‍ റീ ചാര്‍ജ് ചെയ്യേണ്ടി വരുമെന്ന തോന്നല്‍ ഉപഭോക്താവില്‍ ഇത് ഉണ്ടാക്കും. സ്വാഭാവികമായും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാതിരിക്കാന്‍ അയാള്‍ ശ്രമിക്കും. കുടുംബാംഗങ്ങളെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യും. വൈദ്യുതി ഉപയോഗം മൊത്തത്തില്‍ കുറയാന്‍ ഇടയാക്കും. മതിയായ മഴ കിട്ടിയില്ലെങ്കില്‍ പല ഘട്ടങ്ങളിലും വൈദ്യുതി ദൗര്‍ലഭ്യം നേരിടുന്ന സംസ്ഥാനമാണ് കേരളം. പവര്‍കട്ടും ലോഡ് ഷെഡിംഗും പലപ്പോഴും ഏര്‍പ്പെടുത്തേണ്ടി വരുന്നുമുണ്ട്. പ്രീ പെയ്ഡ് വൈദ്യുതി വരുന്നതോടെ ജനങ്ങള്‍ സ്വയം നിയന്ത്രണത്തിലേക്ക് നീങ്ങുകയും വൈദ്യുതി ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യും. വൈദ്യുതി ക്ഷാമത്തിന് ഇതിലൂടെ ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് ബോര്‍ഡ് അധികൃതരുടെ ധാരണ. ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൃത്യസമയത്ത് പണം ഡെബിറ്റാകുന്ന സംവിധാനം ഏര്‍പ്പെടുത്തുകയാണ് കെഎസ്ഇബി ലിമിറ്റഡ്. ബില്‍ തുകയെ കുറിച്ചോ പണം അടക്കാനുള്ള അവസാന ദിവസത്തെ കുറിച്ചോ ഇനി ആശങ്കപെടേണ്ടതില്ല. ഒരു സമ്മതപത്രം നല്‍കിയാല്‍ മാത്രം മതി. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തുന്ന പ്രീ പെയ്ഡ് സംവിധാനം വിജയിച്ചാല്‍ സംസ്ഥാന വ്യാപകമാക്കും.